പുലിഭീഷണിക്കിടെ കാട്ടുപന്നി ആക്രമണവും
text_fieldsനീലേശ്വരം: പുലിയിറങ്ങിയെന്ന ഭീതിയിൽ കഴിയുന്ന കരിന്തളം നിവാസികൾക്ക് കാട്ടുപന്നികളുടെ ശല്യവും. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചോയ്യങ്കോട് കക്കോൽ പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
കക്കോലിലെ ജിഷ്ണുവാണ് പാറപ്പുറത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് പുലിയെ കണ്ടത്. ജിഷ്ണു മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം ഭീമനടി സെക്ഷൻ വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. പുലിയെ കണ്ട സ്ഥലത്തും മറ്റൊരിടത്തും വനംവകുപ്പ് കാമറകൾ സ്ഥാപിച്ചുവെങ്കിലും കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചില്ല. അതിനിടെ, കിനാനൂർ ഭാഗത്തും പുലിയെ കണ്ടെന്നുള്ള വാർത്ത പരന്നതോടെ ജനങ്ങൾ ഭീതിയിലായി. വനംവകുപ്പിന്റെ നിരീക്ഷണത്തിൻ കണ്ടത് നായാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കക്കോൽ പാറപ്പുറത്ത് പൂച്ചയെ ചത്തനിലയിൽ കണ്ടെത്തിയതും കൂടുതൽ പരിഭ്രാന്തി പരത്തി. വനംവകുപ്പ് അധികൃതർ ചത്ത പൂച്ചയെ പരിശോധിച്ചപ്പോൾ പുലിയല്ല നായാണ് കൊന്നതെന്ന് കണ്ടെത്തിയെങ്കിലും കരിന്തളം, കിനാനൂർ, കക്കോൽ, ചോയ്യങ്കാട് ഭാഗങ്ങളിലുള്ളവർ പുലിയെ പേടിച്ചാണ് ഇപ്പോഴും കഴിയുന്നത്. പുലിപ്പേടിയിൽ കഴിയുന്നതിനിടയിൽ കരിന്തളത്ത് ജനജീവിതം ദുസ്സഹമാക്കി കാട്ടുപന്നികളുടെ ശല്യവും രൂക്ഷമായി.
കർഷകരുടെ ജീവനോപാധിയായ കാർഷികവിളകൾ രാത്രിയിൽ കൂട്ടമായെത്തുന്ന പന്നികൾ നശിപ്പിക്കുകയാണ്. കപ്പ, വാഴ, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയ കാർഷികവിളകളൊന്നും കർഷകർക്ക് വിളവെടുക്കാൻ കിട്ടുന്നില്ല. കാട്ടിപ്പൊയിലിലെ ഗോപിനാഥന്റെ പറമ്പിലെ കാർഷികവിളകളെല്ലാം പന്നികൾ നശിപ്പിച്ചു. പുലർച്ച ജോലിക്ക് പോകുന്ന ടാപ്പിങ് തൊഴിലാളികളെ പലപ്പോഴും പന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിക്കുന്ന സ്ഥിതിയാണ്. മീർകാനത്തെ ടാപ്പിങ് തൊഴിലാളിയായ സോണി, പന്നിയുടെ ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളെ വെടിവെക്കാൻ അനുവാദം നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെങ്കിലും അതൊന്നും വേണ്ടവിധത്തിൽ പ്രായോഗികമാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.