നെൽകൃഷി നശിപ്പിച്ച് കാട്ടുപന്നികൾ; കർഷകർക്ക് കണ്ണീർക്കൊയ്ത്ത്
text_fieldsനീലേശ്വരം: അങ്കക്കളരി പാടശേഖരത്തിനു കീഴിലെ വയലിൽ കൊയാറായ നെൽകൃഷി കൂട്ടമായെത്തിയ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു. ഒരേക്കറോളം വരുന്ന പാടശേഖരത്തിലെ നെൽകൃഷി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കെ.വി. ശാന്ത, പി.വി. കൃഷ്ണൻ, പി.വി. ചന്ദ്രമതി, ഇ.വി. അമ്പു, ടി.വി. ബാലാമണി, ടി.വി. ശങ്കരൻ, പി.വി. രുഗ്മിണി, പി.വി. ലക്ഷ്മി, ഇ.വി. ലക്ഷ്മി, അങ്കക്കളരി വേട്ടക്കൊരുമകൻ പാടാർകുളങ്ങര ഭഗവതിക്ഷേത്രം, കള്ളിപ്പാൽ വീട് തറവാട്, വടക്കേവീട് തറവാട്, ഇ.വി. മോഹനൻ എന്നിവരുടെ നെൽകൃഷികളാണ് നശിപ്പിക്കപ്പെട്ടത്.
നഷ്ടത്തിലാകുന്ന നെൽകൃഷി കാട്ടുപന്നിക്കൂട്ടങ്ങൾ നശിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. കുടുംബശ്രീ, ബാങ്കുകളിൽ നിന്ന് വായ്പകളെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇടക്കിടെ പെയ്യുന്ന മഴകൂടി വന്നതോടെ ആകെ സങ്കടത്തിലാണ് കർഷകർ.
കഴിഞ്ഞ ദിവസം അങ്കക്കളരി വയൽ റോഡിലൂടെ കടയടച്ച് രാത്രി സ്കൂട്ടിയിൽ യാത്രചെയ്യുകയായിരുന്ന മണികണ്ഠൻ -നീതു ദമ്പതികളുടെ സ്കൂട്ടിക്ക് കുറുകെ കുട്ടികളടക്കമുള്ള പതിനഞ്ചോളം കാട്ടുപന്നിക്കൂട്ടം കുറുകെചാടി. തുടർന്ന് യാത്ര ചെയ്യാനാകാതെ തിരിച്ചുപോയി.
പന്നികളെ തുരത്താൻ അധികൃതർ നഗരസഭ, കൃഷി അധികൃതർ വനം വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നത്തിൽ ഇടപെടണമെന്ന് പാടശേഖര സെക്രട്ടറി വി.പി. നാരായണനും പ്രസിഡന്റ് എം.വി. ശ്യാമള കൃഷ്ണനും ആവശ്യപ്പെട്ടു. നീലേശ്വരം കൃഷി ഓഫിസർ ഏ.ഒ. വേദിക കൃഷിയിടം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.