കല്യാണ വീടുകളിലെ സ്വർണം മോഷ്ടിക്കുന്ന സ്ത്രീ കണ്ണൂരിൽ പിടിയിൽ
text_fieldsനീലേശ്വരം: കല്യാണ വീടുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി കവർച്ച നടത്തുന്ന സ്ത്രീയെ കണ്ണൂരിൽ വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാർ അടങ്ങുന്ന പൊലീസ് സംഘം പിടികൂടി. പരപ്പ മൂലപ്പാറയിൽ സമീറയെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചക്കുശേഷം സമീറ നാട്ടിൽനിന്ന് അപ്രത്യക്ഷയായിരുന്നു. സ്ഥിരമായി കല്യാണവീട് കേന്ദ്രീകരിച്ചും അയൽവാസികളായ കുട്ടികളുടെയും സ്വർണം മോഷ്ടിച്ച് വിൽപന നടത്തുന്ന സ്ത്രീയാണ്. കഴിഞ്ഞ ഞായറാഴ്ച പരപ്പയിൽ നടന്ന ഒരു കല്യാണ വീട്ടിൽനിന്ന് ആറു പവൻ സ്വർണം പോയിരുന്നു. കാഞ്ഞങ്ങാട് ഒരു സ്വർണക്കടയിൽ സ്വർണം വിൽപന നടത്തുന്ന സമീറയുടെ ദൃശ്യം നിരീക്ഷണ കാമറയിൽ കണ്ട കല്യാണവീട്ടുകാർ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
കമ്മാടം മൂലപ്പാറ, പരപ്പ ഭാഗങ്ങളിൽ നിരവധി കല്യാണവീടുകളിൽ മുമ്പും ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. സമീറയുടെ മൂത്ത സഹോദരന്റെ മകളുടെ വിവാഹത്തിന് വാങ്ങിയ ആറു പവൻ വളകളാണ് മോഷ്ടിച്ച് സമീറ മുങ്ങിയത്. കാഞ്ഞങ്ങാട് ജ്വല്ലറിയിൽ വിൽപന നടത്തിയ വളകൾ പൊലീസ് കണ്ടെടുത്തു. ഇതിനിടയിൽ ബന്ധുക്കൾ സമീറയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.