പടന്നയിൽ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു
text_fieldsപടന്ന: കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ ഓർമക്ക് സഹപ്രവർത്തകരുടെ കൂട്ടായ്മയിൽ പടന്നയിൽ നിർമാണം പൂർത്തിയായ സഗീർ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിനൊരുങ്ങുന്നു. നവംബർ 30ന് സെന്റർ ജനങ്ങൾക്ക് തുറന്നുകൊടുക്കും. 10 ബെഡിലായി ദിവസം 20 രോഗികൾക്ക് ഇവിടെ ഡയാലിസിസ് ചെയ്യാൻ കഴിയും. പടന്ന തെക്കേപ്പുറത്ത് ജമാഅത്തുൽ ഇസ്ലാം ദർസ് കമ്മിറ്റിയിൽനിന്ന് 30 വർഷത്തേക്ക് ലീസിന് വാങ്ങിയ 15 സെന്റ് സ്ഥലത്താണ് രണ്ടു കോടിയോളം രൂപ ചെലവിൽ ഡയാലിസിസ് കേന്ദ്രം നിർമിച്ചത്.
കേരളത്തിലും കർണാടകയിലുമായി ഇരുപതോളം ഡയാലിസിസ് കേന്ദ്രം നിർമിക്കാൻ മുൻകൈയെടുത്ത സാമൂഹിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ കോവിഡ് ബാധിതനായി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ കോഴിക്കോട് ആസ്ഥാനമാക്കി കെയർ ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് രൂപവത്കരിച്ച് തങ്ങളുടെ സഹപ്രവർത്തകന് ഉചിതമായ സ്മാരകം എന്നനിലക്ക് ഡയാലിസിസ് കേന്ദ്രം പണിയാൻ രംഗത്തിറങ്ങിയത്. സിദ്ദീഖ് കൂട്ടുമുഖം ചെയർമാൻ, എൻ.എ. മുനീർ സെക്രട്ടറി, അക്ബർ സിദ്ദീഖ് വൈസ് ചെയർമാൻ, അബ്ദുൽ ഫത്താഹ് തയ്യിൽ ട്രഷറർ, എ.പി. അബ്ദുൽ സലാം, ഇബ്രാഹീം കുന്നിൽ, മുഹമ്മദലി മാത്തറ എന്നിവർ ട്രസ്റ്റ് അംഗങ്ങളായ കമ്മിറ്റിയാണ് ഇതിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.
പടന്നയിലും പരിസര പഞ്ചായത്തുകളിലുമായി 50ന് മുകളിൽ വൃക്കരോഗികൾ ഇപ്പോൾ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ പോകുന്ന യാത്രച്ചെലവും ഒരു സഹായി രോഗിയുടെ കൂടെവേണം എന്നതും പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, പടന്നയിൽ കേന്ദ്രം വരുന്നത് പരിസരത്തുള്ള രോഗികൾക്ക് ഏറെ ആശ്വാസകരമാകും.
നിലവിൽ പൂർണമായി സൗജന്യ ചികിത്സ അല്ലെങ്കിലും ഭാവിയിൽ അതിനുള്ള ശ്രമങ്ങളും ഫൗണ്ടേഷൻ നടത്തുന്നുണ്ട്. പ്രതിമാസം മൂന്നു ലക്ഷം രൂപയോളം കേന്ദ്രത്തിന്റെ ചെലവിന് വേണ്ടിവരുമെന്നും പൊതുജനങ്ങളിൽനിന്നുള്ള സഹായസഹകരണങ്ങളിലാണ് തങ്ങളുടെ പ്രതീക്ഷയെന്നും കെയർ ഫൗണ്ടേഷൻ സെക്രട്ടറി എൻ.എ. മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.