13 വർഷം മുമ്പ് ബൈക്ക് വിറ്റു, ആർ.സി മാറ്റിയില്ല; യുവാവിന് നഷ്ടമായത് 81,500 രൂപ!
text_fieldsപടന്ന: വാഹന വിൽപനയിലെ അശ്രദ്ധ കാരണം പടന്നയിലെ യുവാവിന് പിഴയായി അടക്കേണ്ടിവന്നത് വൻ തുക. അതും 13 വർഷം മുമ്പ് വിൽപന നടത്തിയ ബൈക്കിന്റെ പേരിൽ. 2010ലാണ് യുവാവ് തന്റെ KL 14 F 7177 നമ്പർ ബൈക്ക് സുഹൃത്തായ കാഞ്ഞങ്ങാട് സ്വദേശിക്ക് വിറ്റത്. ആർ.സി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റർ വാങ്ങിയായിരുന്നു വണ്ടി വിൽപന.
വണ്ടി ഉടമ ഇതിനകം ജോലി ആവശ്യാർഥം ഗൾഫിലേക്കും പോയി. എന്നാൽ, പല വ്യക്തികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വണ്ടി ഒടുവിൽ കോഴിക്കോട് സ്വദേശിയുടെ കൈവശം എത്തിച്ചേർന്നു. അപ്പോഴും ആർ.സി ഉടമസ്ഥത മാറ്റിയിരുന്നില്ല.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, വണ്ടിയുടെ നിലവിലെ ഉടമസ്ഥൻ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഒരു ആവശ്യത്തിന് കൈമാറിയ ബൈക്ക് വയനാട് റോഡ് സിവിൽ സ്റ്റേഷനുസമീപം വഴിയാത്രക്കാരനെ ഇടിച്ചതാണ് പടന്നയിലെ യുവാവിന് വിനയായത്. വണ്ടിയോടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല.
സംഭവം കേസായതിനെത്തുടർന്ന് ഇൻഷുറൻസ് കമ്പനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടിവന്നു. ലൈസൻസില്ലാത്തയാളാണ് വണ്ടിയോടിച്ചത് എന്ന് മനസ്സിലാക്കിയ ഇൻഷുറൻസ് കമ്പനി വണ്ടി ഉടമക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അതോടെയാണ് പടന്നയിലുള്ള പഴയ വണ്ടി ഉടമസ്ഥന് പണികിട്ടിയത്. തുടർന്ന് മോട്ടോർ ആക്സിഡൻറ് ക്രൈം ട്രൈബ്യൂണൽ 81,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. രേഖകൾ പ്രകാരം വണ്ടി ഉടമയായ പടന്ന സ്വദേശിക്കാണ് നഷ്ടപരിഹാരം അടക്കാനുള്ള നോട്ടീസ് ലഭിച്ചത്. വിധി വന്നപ്പോഴാണ് യുവാവ് വിവരങ്ങൾ അറിയുന്നതുതന്നെ.
വണ്ടി വിൽപന നടത്തിയതാണെന്നും നിലവിൽ ഉടമ താനല്ലെന്നും പടന്ന സ്വദേശി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ എതിരായതിനാൽ റവന്യൂ റിക്കവറിയായി. ഒടുവിൽ പടന്ന വില്ലേജ് ഓഫിസിൽ 81,500 രൂപ കഴിഞ്ഞ ദിവസം കെട്ടിവെച്ചാണ് യുവാവ് റവന്യൂ റിക്കവറിയിൽനിന്ന് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.