തീരദേശ പരിപാലനം; പ്രതീക്ഷയും നിരാശയുമായി പഞ്ചായത്തുകൾ
text_fieldsപടന്ന: കേരളം സമർപ്പിച്ച കരട് തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രാനുമതിയായി വിജ്ഞാപനം ഇറങ്ങിയപ്പോൾ പട്ടികയിൽ ഉൾപ്പെടാത്ത നിരാശയിലാണ് പടന്ന പഞ്ചായത്ത്. കേരളത്തിലെ 66 പഞ്ചായത്തുകൾ സി.ആർ.സെഡ് മൂന്നിൽനിന്ന് താരതമ്യേന നിയന്ത്രണം കുറവുള്ള സി.ആർ.ഇസഡ് രണ്ട് വിഭാഗത്തിലേക്ക് മാറുമ്പോൾ സംസ്ഥാനം രണ്ടാമത് കെടുത്ത 109 പഞ്ചായത്തുകളുടെ പട്ടികയിലും പടന്ന പഞ്ചായത്ത് ഇടം പിടിച്ചിരുന്നില്ല.
മൂന്നുഭാഗവും പുഴകളാലും ദീപുകളാലും ചുറ്റപ്പെട്ടുകിടക്കുന്ന 13.39 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്നുകിടക്കുന്ന തീരദേശ പഞ്ചായത്തായ പടന്നയിൽ ആകെയുള്ള 15 വാർഡുകളിൽ 11 വാർഡും സി.ആർ.സെഡ് പരിധിയിലാണ്. ഉദിനൂർ പടന്ന വില്ലേജുകളിലായി എഴായിരത്തോളം കുടുംബങ്ങൾ വീട് നിർമിച്ച് താമസിച്ചു വരുന്നുണ്ട്. ഇതിൽ തീരദേശത്തുള്ള സ്വന്തം സ്ഥലത്ത് വീട് നിർമിച്ച ആയിരത്തോളം വീടുകൾക്കും സ്ഥാപനങ്ങൾക്കും കെട്ടിട നമ്പർ ലഭിക്കുന്നില്ല. കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ തീരദേശത്ത് താമസിക്കുന്ന ഒട്ടനവധി കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
മത്സ്യത്തൊഴിലാളികളടക്കം ആയിരങ്ങൾ ഇതുമൂലം ദുരിതത്തിലാണ്. ഒരു ഭാഗം പുഴയും മറുഭാഗം കൂടുതലും കൃഷി സ്ഥലവുമായതിനാൽ ഒരു നിർമാണ പ്രവർത്തിയും സാധ്യമല്ലാത്ത അവസ്ഥായാണ്. തൊട്ടടുത്ത പഞ്ചായത്തായ തൃക്കരിപ്പൂരും വലിയ പറമ്പും പട്ടികയിൽ ഇടം നേടിയപ്പോൾ അർഹതപ്പെട്ട പടന്ന പഞ്ചായത്ത് പട്ടികയിൽ ഇടം പിടിക്കാഞ്ഞത് പഞ്ചായത് അധികൃതരുടെ പിടിപ്പുകേട് മൂലമാണെന്നാരോപിച്ച് ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് അധികാരികൾക്ക് നിവേദനം നൽകിയുള്ള കാത്തിരിപ്പിലാണ് പഞ്ചായത്ത് നിവാസികൾ.
പ്രതീക്ഷയുമായി കുമ്പള
കുമ്പള: തീരദേശ പരിപാലന നിയമത്തിലെ ഇളവിൽ കുമ്പളയിൽ പ്രതീക്ഷ. ആരിക്കാടി കടവത്ത് മുതൽ മൊഗ്രാൽ കൊപ്പളം വരെയുള്ള ഏകദേശം ആറു കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കുമ്പള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തീരപ്രദേശം. ഇവിടെ ഏറെയും താമസിച്ചു വരുന്നവരിൽ ഭൂരിഭാഗവും പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. തീരത്തോട് ചേർന്നാണ് ഇവരുടെ താമസവും.
തീരദേശ പരിപാലനത്തിൽ ഇളവ് നേടുമ്പോൾ തന്നെ തീരസംരക്ഷണത്തിന് വൻകിട പദ്ധതികളൊന്നുമില്ലാത്തതാണ് മത്സ്യത്തൊഴിലാളികളെ ആശങ്കയയിലാക്കുന്നത്. ഇളവുകൊണ്ട് എന്ത് പ്രയോജനമെന്ന് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നതും അതുകൊണ്ടുതന്നെയാണ്. തീരമെന്ന പോലെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കായലിന് അരികിലും താമസിക്കുന്നവർക്കും ഇത് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.
കുമ്പളയിലെ വിശാലമായ കടൽത്തീരവും, സൂര്യാസ്തമനവും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഘടകമാണ്. മൊഗ്രാൽ ബീച്ച് അടക്കമുള്ള കടൽത്തീരം ടൂറിസം പദ്ധതികളിൽ ഇടം പിടിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ടൂറിസം വകുപ്പ് അധികൃതർ ഇത് പരിശോധന നടത്തിയതുമാണ്. മാത്രമല്ല യുവ വ്യവസായ സംരംഭകർ ഏറെ നോട്ടമിടുന്നതും കുമ്പളയിലെ തീരദേശ മേഖലയെയാണ്.
ഈ മേഖലയിൽ ഇതിനകം തന്നെ നിരവധി സ്വകാര്യ റിസോർട്ടുകളും, ചെമ്മീൻ വളർത്ത് കേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. മൊഗ്രാൽ കടവത്ത് കായലിനരികിൽ വൻകിട ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത്തരം യുവ വ്യവസായ സംരംഭകർക്കൊക്കെ നിയമത്തിലെ ഇളവ് ഏറെ ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽ വീട് നിർമാണവുമായി ബന്ധപ്പെട്ട് വീട്ടു നമ്പറിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നുണ്ട്. അവർക്കും നിയമത്തിലെ ഇളവ് ഏറെ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.