കോവിഡ്: നിയന്ത്രണത്തിൽ തട്ടുകിട്ടിയത് തട്ടുകടകൾക്കും
text_fieldsപടന്ന: വൈകുന്നേരങ്ങളിൽ തട്ടുകടകളിൽനിന്നുമുള്ള ആവി പറക്കുന്ന ചായയും നാടൻ പലഹാരങ്ങളും നാട്ടുമ്പുറത്തിെൻറ ശീലമായിരുന്നു. കോവിഡും ലോക്ഡൗണും കാരണം കച്ചവട സ്ഥാപനങ്ങളിലെ നിയന്ത്രണം അധികൃതർ കർശനമാക്കിയതോടെ തട്ടുകടകൾ തുറക്കാൻ നിർവാഹമില്ലാത്ത അവസ്ഥയായി.
വഴിയരികിൽ ഉന്തുവണ്ടികൾ പോലുള്ള താൽക്കാലിക സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ സാമൂഹിക അകലവും മറ്റും പാലിച്ച് കച്ചവടം ചെയ്യുക എന്നത് അപ്രായോഗികമായതോടെയാണ് തട്ടുകടകൾ അടച്ചിടാൻ നിർബന്ധിതരായത്. ഇതുകാരണം നിരവധി പേരാണ് തെഴിൽരഹിതരായിരിക്കുന്നത്. പടന്ന ടൗണും പരിസരവും കേന്ദ്രീകരിച്ച് പതിനഞ്ചോളം തട്ടുകടകൾ പ്രവർത്തിച്ചിരുന്നു. പടന്ന വടക്കേപ്പുറത്ത് ആറോളം ബധിര സുഹൃത്തുക്കൾ ചേർന്ന് നടത്തിയിരുന്ന തട്ടുകടയിൽ വൈകുന്നേരങ്ങളിൽ വൻ തിരക്കായിരുന്നു. ഇവിടത്തെ ചായയും പലഹാരവും കഴിക്കാൻ പടന്നക്ക് പുറത്തുനിന്നുപോലും ആൾക്കാർ വരുമായിരുന്നു.
ആൾക്കൂട്ടം കണ്ട് ഒരുതവണ പൊലീസ് തന്നെ മുന്നറിയിപ്പ് കൊടുത്തതോടെ ഈ സുഹൃത്തുക്കൾക്കും താൽക്കാലികമായി കച്ചവടം നിർത്തിവെക്കേണ്ടി വന്നു. അതോടെ ഏക ആശ്രയമായിരുന്ന ഇവരുടെ വരുമാന മാർഗമാണ് ഇല്ലാതായത്. 25 വർഷമായി തട്ടുകട നടത്തുന്ന ഹംസക്കയുടെ ചായക്കട പടന്ന മൂസഹാജി മുക്കിെൻറ സ്ഥിരംകാഴ്ചയായിരുന്നു. നാലു മുതൽ രാത്രി 10വരെ നീളുന്ന ചായക്കടയിൽ നിരവധി പേരാണ് എത്താറ്. നിയന്ത്രണം കർശനമാക്കിയതോടെ തട്ടുകട അടച്ച് സ്വന്തം ഓട്ടോയിൽ പടന്നയിലെ വ്യാപാരികൾക്ക് ചായയും കടിയും എത്തിച്ച് നൽകി പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് ഹംസക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.