പ്രവേശന പരീക്ഷകൾ ഡോ. മുഹമ്മദ് ഷഫീഖിന് കടമ്പയല്ല
text_fieldsപടന്ന: 'പ്രവേശന പരീക്ഷ എന്ന കടമ്പ' നിങ്ങൾക്ക് പറഞ്ഞുപതിഞ്ഞ വാചകമായിരിക്കും. എന്നാൽ, ഡോ. മുഹമ്മദ് ഷഫീഖിന് അങ്ങനെയല്ല. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ നടന്ന എല്ലാ അഖിലേന്ത്യ പ്രവേശന പരീക്ഷകളിലും ഷഫീഖ് റാങ്ക് നേടി. പടന്നയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് സർക്കാർ പൊതുവിദ്യാലയങ്ങളിലെ പഠനത്തിനുശേഷം കോട്ടയം മെഡിക്കൽ കോളജിലാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ശേഷം ഹൈദരാബാദ് ഒസ്മാനിയ മെഡിക്കൽ കോളജിൽനിന്ന് ഓർത്തോപിഡിക്സിൽ ബിരുദാനന്തര ബിരുദം (എം.എസ് ഓർത്തോ) നേടി.
2021 നവംബറിൽ ആ സംസ്ഥാനത്തുതന്നെ ഒന്നാം റാങ്കുകാരനായാണ് പി.ജി പൂർത്തിയാക്കിയത്. ഒരു മാസത്തിനുള്ളിൽ നാഷനൽ ബോർഡിന്റെ ബിരുദാനന്തര ബിരുദമായ ഡി.എൻ.ബി (ഓർത്തോ) നേടി. നവംബറിൽ ട്യൂബർകുലോസിസ് സ്പൈൻ ആൻഡ് ഓർത്തോ വകുപ്പിൽ സീനിയർ റസിഡന്റായി ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ തുടർന്നുകൊണ്ടാണ് എഴുതിയ എല്ലാ അഖിലേന്ത്യ പ്രവേശന പരീക്ഷകളിലും റാങ്കുകൾ വാരിക്കൂട്ടിയത്. ജനുവരി 10ന് നടന്ന നീറ്റ് സൂപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയിൽ ഒരേസമയം രണ്ടു വ്യത്യസ്ത സ്പെഷാലിറ്റികളിൽ അഖിലേന്ത്യതലത്തിൽ അഞ്ചാം റാങ്ക് നേടി.
ജനുവരി 11ന് നടന്ന നാഷനൽ ബോർഡിന്റെ എഫ്.എൻ.ബി അഖിലേന്ത്യ തലത്തിൽ ഏഴാം റാങ്കാണ് നേടിയത്. ഡിസംബർ 29ന് നടന്ന എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) എം.സി.എച്ച് പീഡിയാട്രിക് ഓർത്തോ എൻട്രൻസിൽ രണ്ടാം റാങ്കും ഡിസംബർ ഏഴിന് നടന്ന ഐ.എൻ.ഐ - എസ്.എസ് പ്രവേശന പരീക്ഷയിൽ എട്ടാം റാങ്കും നേടിയിരുന്നു. നിരവധി സംസ്ഥാന, നാഷനൽ കോൺഫറൻസുകളിൽ ട്രോമ, ഓർത്തോ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്പൈൻ സർജറി വിഷയത്തിൽ തുടർപഠനമാണ് ഡോ. ഷഫീഖിന്റെ ലക്ഷ്യം.
2013ൽ മെഡിക്കൽ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ഉത്തരഖണ്ഡിലെ പ്രളയമേഖലയിൽ 30 ദിവസം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. തുടർന്ന് ചെന്നൈ, കശ്മീർ തുടങ്ങി അനേകം പ്രളയമേഖലകളിൽ ദുരന്ത നിവാരണ സംഘത്തിന്റെ ഭാഗമായി ഷഫീഖ് സാമൂഹിക സേവന മേഖലകളിലും കഴിവുകൾ വിനിയോഗിച്ചു.
കേരള ഫോറസ്റ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് എം.എസ്.സി എന്ന മെഡിക്കൽ സംഘടനയുടെ തലവനായി ആദിവാസി മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തി. പടന്നയിലെ സാഹിറ-റഫീഖ് ദമ്പതികളുടെ മൂത്ത മകനായ ഷഫീഖ് പടന്ന ഐ.സി.ടി സ്കൂളിൽ നിന്നാണ് അറിവിന്റെ ആദ്യക്ഷരങ്ങൾ നുകർന്നത്. ഭാര്യ: ഡോ. നസ്ല. സഹോദരങ്ങൾ: ഫൈസൽ, ഡോ. സാഹിർ അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.