യുക്രെയ്നിൽനിന്ന് ആശ്വാസ തീരമണിഞ്ഞ് ഫാസും ഖാദറും
text_fieldsപടന്ന: യുദ്ധഭൂമിയിൽനിന്നുള്ള പലായനത്തിനുശേഷം ഫാസ് ഫൈസലും പി.സി. ഖാദറും നാട്ടിലെത്തി. ഖാർക്കിവിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥികളായിരുന്നു ഇരുവരും. ഞായറാഴ്ച പുലർച്ച ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തിയ ഇരുവരും ട്രെയിൻ മാർഗമാണ് വീടണഞ്ഞത്. കഴിഞ്ഞ ഒന്നാം തീയതിയാണ് ഇരുവരും പഠനസ്ഥലമായ ഖാർകിവിൽനിന്ന് പുറപ്പെട്ടത്. ട്രെയിനിൽ അതിർത്തി നഗരമായ ലിവീവിൽ എത്തി. ലിവീവിലും കനത്ത ഷെല്ലാക്രമണം ഉണ്ടായത് ആശങ്ക ഉയർത്തി. അവിടെനിന്ന് ടാക്സിയിൽ അതിർത്തി പ്രദേശത്ത് എത്തിയെങ്കിലും യഥാർഥ ദുരിതം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
മൈനസ് നാല് ഡിഗ്രി തണുപ്പിൽ ഒന്നര ദിവസം നടന്നാണ് പോളണ്ട് അതിർത്തിയിൽ എത്തിയത്. ഇടക്ക് പെൺകുട്ടികൾ അടക്കം പലരും തളർന്ന് വീണതും കടുത്ത തണുപ്പിൽ പലരുടേയും ശരീരം പൊട്ടി ചോര വാർന്നൊഴുകുന്നതും കണ്ടപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമോ എന്ന ആശങ്ക ഉണ്ടാക്കി.
എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് പോളണ്ടിൽ എത്തിച്ചേർന്നു. പോളണ്ടിൽ എത്തിയതിനു ശേഷമാണ് ഇന്ത്യൻ എംബസിയുടെ സഹായം ലഭിച്ചത് എന്നും വളരെ സാഹസികമായാണ് വിദ്യാർഥികൾ അതിർത്തി രാജ്യങ്ങളിൽ എത്തിച്ചേരുന്നത് എന്നും ഫാസ് ഫൈസൽ പറഞ്ഞു.
രണ്ടു ദിവസം പോളണ്ടിൽ കഴിഞ്ഞ ശേഷം പോളണ്ടിലെ റിസീസോ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവർ ഡൽഹിയിൽ എത്തിയത്.
മാർച്ച് 13 നു ശേഷം ഓൺലൈൻ വഴി ക്ലാസ് ആരംഭിക്കുമെന്ന് എന്ന് ഫാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.