പടന്നയിൽ സ്ഥാനാർഥികൾ സീറോ കോവിഡ് യജ്ഞത്തിൽ
text_fieldsപടന്ന: തദ്ദേശ തെരെഞ്ഞടുപ്പിൽ പടന്നയിലെ സ്ഥാനാർഥികൾക്ക് എതിരാളികളായി കോവിഡും. കോവിഡ് പ്രതിരോധത്തിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ സീറോകോവിഡ് സ്ഥാനാർഥി ചാലഞ്ചുമായാണ് വോട്ടർമാരെ കാണുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർഥികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോൾ ഉണ്ടാകാവുന്ന കോവിഡ് വ്യാപനം മുൻകൂട്ടി കണ്ടു നിയന്ത്രിക്കുവാനും പടന്ന കുടുംബാരോഗ്യ കേന്ദ്രവും 'മാഷ്' പദ്ധതിയും ചേർന്ന് രൂപവത്കരിച്ച സീറോ കോവിഡ് സ്ഥാനാർഥി ചലഞ്ചിന് രാഷ്ട്രീയ പാർട്ടി പ്രവർത്തകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
പഞ്ചായത്ത്തലത്തിൽ പദ്ധതി പ്രഖ്യാപിച്ച ഉടൻ ഒമ്പതാം വാർഡ് സ്ഥാനാർഥി പി.പി. കുഞ്ഞികൃഷ്ണൻ ആണ് ആദ്യ ചലഞ്ച് ഏറ്റെടുത്തത്. തുടർന്ന് എല്ലാ സ്ഥാനാർഥികളും പങ്കാളികളായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എല്ലാവരും മാനദണ്ഡങ്ങൾ പാലിക്കുന്നത് ജില്ലക്കുതന്നെ മാതൃകയാണെന്ന് മാഷ് പദ്ധതി പ്രവർത്തകർ പറയുന്നു. പദ്ധതിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര, 'മാഷ്' പദ്ധതി അംഗം ബാബുരാജ് എന്നിവർ പറഞ്ഞു.
ചലഞ്ചിൽ പങ്കാളികളാകാൻ സ്ഥാനാർഥികൾ നൽകുന്ന ഒമ്പത് സത്യപ്രസ്താവനകൾ:
1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പ്രചാരണത്തിലും സ്ഥാനാർഥിയും അനുയായികളും പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിക്കും.
2. പൊതുയോഗങ്ങളിലും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഒരു കാരണവശാലും മാസ്ക് താഴ്ത്തില്ല.
3. ഇടക്കിടെ സാനിറ്റൈസർ /ഹാൻഡ് വാഷ് ഉപയോഗിക്കും.
4. ആരുടെയും വീട്ടിനകത്തു പ്രവേശിക്കാതെ പുറത്ത് രണ്ടു മീറ്റർ അകലം പാലിച്ച് വോട്ടഭ്യർഥിക്കും.
5. വോട്ടർമാർക്കോ മറ്റുള്ളവർക്കോ ഹസ്തദാനം നൽകില്ല.
6. കുട്ടികളെ എടുക്കുകയോ മുതിർന്ന പൗരന്മാർ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി അടുത്തിടപഴകുകയോ ചെയ്യില്ല.
7. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കോവിഡ് നിയന്ത്രണം പാലിച്ച് മാത്രമേ നടത്തൂ.
8. കോവിഡ് മാനദണ്ഡങ്ങൾ സഹപ്രവർത്തകർ പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥി ഉറപ്പ് വരുത്തും.
9. പടന്ന പഞ്ചായത്ത് മാഷ് പദ്ധതിയുടെ സീറോകോവിഡ് ചാലഞ്ച് ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.