സംഘകൃഷി കൂട്ടായ്മയുടെ പേരിൽ വായ്പ്പാ തട്ടിപ്പ്; നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ്
text_fieldsപടന്ന: സംഘകൃഷി കൂട്ടായ്മയുടെ പേരിൽ പടന്നയിൽ വൻ വായ്പ തട്ടിപ്പ്. ഗ്രൂപ് അംഗങ്ങളേയും ഭൂ ഉടമകളേയും കബളിപ്പിച്ച് സി.ഡി.എസ് അംഗമാണ് തട്ടിപ്പ് നടത്തിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിരവധി പേർക്ക് ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
ജോയന്റ് ലേബലിറ്റി ഗ്രൂപ് (ജെ.എൽ.ജി) വഴി സംഘ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് അനുവദിക്കുന്ന വായ്പയുടെ പേരിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. 2016ലാണ് തട്ടിപ്പിന് തുടക്കം. തൊഴിലുറപ്പ് പദ്ധതി പ്രകാരം പുരയിടങ്ങളും കൃഷി സ്ഥലങ്ങളും വൃത്തിയാക്കുന്നതിന് ഭൂ ഉടമകൾ നൽകുന്ന നികുതി അടച്ച രസീത് ഉപയോഗിച്ച് ഉടമ അറിയാതെ വ്യാജ സമ്മത പത്രവും ഒപ്പും തയാറാക്കി ജെ.എൽ ജി ഗ്രൂപ്പിന്റെ പേരിലാണ് വായ്പ.
ചെറുവത്തൂർ, എടച്ചാക്കൈ എന്നിവിടങ്ങളിലെ ബാങ്ക് വഴിയാണ് ലോൺ തരപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഒരു സംഘത്തിന്റെ പേരിൽ അനുവദിക്കുന്നത്. 12 ഓളം ഗ്രൂപ്പുകളുടെ പേരിൽ ആരോപണ വിധേയയായ വ്യക്തി ഇത്തരത്തിൽ വായ്പ തരപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഗ്രൂപ്പുകളുടെ പേരിൽ എടുത്ത വായ്പയുടെ ഒരു വിഹിതം ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്ത് ബാക്കി തുക ഭൂ ഉടമക്ക് നൽകാനെന്ന പേരിൽ പ്രസ്തുത വ്യക്തി തന്നെ കൈക്കലാക്കി. തട്ടിപ്പ് അറിയാത്ത അംഗങ്ങൾ മാസ അടവ് ആയ 6000 രൂപ കൃത്യമായി അംഗത്തെ ഏൽപ്പിച്ചെങ്കിലും അതും തിരിച്ചടക്കാതെ കൈക്കലാക്കി.
ഒടുവിൽ ജപ്തി നോട്ടീസ് വന്നപ്പോഴാണ് പലരും തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പലരും കലക്ടറെ കണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തുകയിൽ ഇളവ് വരുത്തിയിരുന്നു.
പല ഒഴികഴിവുകളും പറഞ്ഞ് പ്രസ്തുത വ്യക്തി ഒഴിഞ്ഞ് മാറുകയാണെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. പാവപ്പെട്ട വീട്ടമ്മമാർ തങ്ങൾക്ക് മുന്നിൽ ആത്മഹത്യ അല്ലാതെ മറ്റ് വഴികളില്ലെന്ന് സങ്കടം പറയുകയാണ്. സാമൂഹിക പ്രവർത്തക സുബൈദ അസീസിന്റെ നേതൃത്വത്തിൽ വിജിലൻസ് അടക്കമുള്ള ഉന്നത കേന്ദ്രങ്ങൾക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ജെ എൽ.ജി ഗ്രൂപ് അംഗങ്ങൾ പറഞ്ഞു.
അതേസമയം ജെ.എല്‍.ജി വായ്പയുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ പേരിൽ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ചില വ്യക്തികൾ ബാങ്കുമായി ബന്ധപ്പെട്ട് ലോണെടുത്തതിന് തൊഴിലുറപ്പ് സംവിധാനത്തെയും വനിത ശാക്തീകരണത്തിന്റെ ഭാഗമായി മാന്യമായ രീതിയിൽ പ്രവർത്തനം നടത്തി മുന്നോട്ട് നീങ്ങുന്ന കുടുംബശ്രീ സംവിധാനത്തെയും പഴിചാരുന്നത് ശരിയല്ലെന്നും തൊഴിലുറപ്പ് പ്രവൃത്തിക്കു നിലവിൽ നികുതി രസീത് നല്‍കിയവര്‍ക്ക് ആശങ്ക വേണ്ടെന്നും സി.ഡി.എസ് ചെയർപേഴ്സന് സി. റീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.