ആരവം നിലച്ച് ടർഫ് ഗ്രൗണ്ടുകൾ: ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം
text_fieldsപടന്ന: കോവിഡ് പശ്ചാത്തലത്തിൽ ടർഫ് ഗ്രൗണ്ടുകളിൽ കളി നിലച്ചതോടെ ഉടമകൾക്ക് ലക്ഷങ്ങളോളം നഷ്ടം. 30 ലക്ഷം മുതൽ 80 ലക്ഷം വരെ ചെലവിട്ടാണ് മൈതാനം ഒരുക്കുന്നത്.
ഫൈവ്സ് ഫുട്ബാളാണ് ഇത്തരം ഗ്രൗണ്ടുകളിൽ നടത്താറ്. കഴിഞ്ഞ നാല് മാസമായി ഗ്രൗണ്ടുകൾ അടഞ്ഞു കിടക്കുകയാണ്. ദിവസം കുറഞ്ഞത് അഞ്ച് കളികളും സീസണിൽ 10 കളികൾ വരേയും നടക്കാറുണ്ടായിരുന്നു.
കളി നടക്കുന്നില്ലെങ്കിലും പരിപാലന ചെലവ് ഭീമമാണ്. ലൈറ്റ് ബിൽ, ക്ലീനിങ്, സൂക്ഷിപ്പുകാരെൻറ ശമ്പളം എന്നിവ സ്വന്തം പോക്കറ്റിൽനിന്ന് എടുത്തുകൊടുക്കേണ്ട അവസ്ഥയിലാണ് ഉടമകൾ.
ലൈറ്റുകൾ ഇടക്കിടെ രാത്രികളിൽ ഓൺ ചെയ്ത് വെച്ചില്ലെങ്കിൽ ഉപകരണങ്ങളും ഗ്രൗണ്ടും കേടുവരും. ഇതിന് പുറമെ പല ഗ്രൗണ്ടും ഭൂമി ലീസിന് എടുത്ത് നിർമിച്ചവയാണ്. 40,000 രൂപ വരെയാണ് മാസത്തിൽ ഭൂമി വാടക. കളി നടന്നാലും ഇെല്ലങ്കിലും അതും നൽകണം. കാസർകോട് ജില്ലയിൽ 20ഓളം ടർഫ് ഗ്രൗണ്ടുകൾ ഉണ്ട്.
എന്നാൽ, ചില ജില്ലകളിൽ കൂട്ടായ്മ ഉണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഇവർക്ക് സംഘടന ഇല്ല. അതുകൊണ്ടുതന്നെ തങ്ങളുടെ വിഷമം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും കഴിഞ്ഞിട്ടില്ല.
പരിമിതമായ നിലക്ക് കളികൾ നടത്താൻ അനുവദിച്ചാൽ ഗ്രൗണ്ട് പരിപാലന ചെലവെങ്കിലും ലഭിക്കും എന്ന് മാവിലാ കടപ്പുറം ഇ.എ അറീന സ്പോർട്സ് ഗ്രൗണ്ട് ഉടമ ഷക്കീർ പറയുന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ ഇപ്പോൾ ഇത്തരം ഗ്രൗണ്ടുകളിൽ കളി അനുവദിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു.
ഇനി കളി പുനരാരംഭിക്കണമെങ്കിൽ തന്നെ ഒന്നര ലക്ഷം രൂപയെങ്കിലും ചെലവിട്ട് മിനുക്കുപണികൾ നടത്തേണ്ടിയും വരും. ഞായറാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലെ ടർഫ് ഗ്രൗണ്ട് ഉടമകളുടെ വാട്സ്ആപ് കൂട്ടായ്മ ഭാവി പരിപാടികൾ ആലോചിക്കാൻ ഓൺലൈൻ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.