തുടക്കം വാട്സ് ആപ് ഗ്രൂപ്പിൽ, നിർമിച്ചത് 15 വീടുകൾ!; കുടകിലെ 'പടന്ന വില്ലേജ്' വ്യാഴാഴ്ച കൈമാറും
text_fieldsപടന്ന (കാസർകോട്): രണ്ടുവർഷം മുമ്പ് പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കാൻ കാസർകോട് ജില്ലയിലെ പടന്നയിലെ ഏതാനും ചെറുപ്പക്കാർ രൂപവത്കരിച്ചതാണ് പടന്ന ഡിസാസ്റ്റർ ഹെൽപ് െഡസ്ക്ക് എന്ന വാട്സ് ആപ് കൂട്ടായ്മ. പിന്നീടത് പടന്നയിലെ മുഴുവൻ ക്ലബ്, സന്നദ്ധ - മത-സാംസ്കാരിക സംഘടനയുടെയും കൂട്ടായ്മയായി മാറി. കേവലം അഞ്ചു ദിവസം കൊണ്ട് 50 ലക്ഷത്തോളം രൂപ അവർ സ്വരൂപിച്ചു. ഇപ്പോൾ 15കുടുംബങ്ങൾക്ക് വീടൊരുക്കി ഈ ചെറുസംഘം സഹജീവിസ്നേഹത്തിെൻറ പ്രതീകമാകുന്നു.
പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കർണാടകയിലെ കുടക് ജില്ലയിൽ 15 കുടുംബങ്ങൾക്കായി കൂട്ടായ്മ മുൻകൈയെടുത്ത് നിർമിച്ച പടന്ന വില്ലേജ് എന്ന പേരിലുള്ള വീടുകളുടെ നിർമാണം പൂർത്തിയായി. 2019 സെപ്റ്റംബറിലാണ് വീടുകളുടെ പണി ആരംഭിച്ചത്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച നെല്ലിഹതുക്കേരിയിലാണ് പടന്ന ഡിസാസ്റ്റർ ഹെൽപ് െഡസ്ക്കിെൻറ നേതൃത്വത്തിൽ പടന്ന വില്ലേജ് എന്ന പേരിൽ വീടുകൾ നിർമിച്ചത്. മുസ്ലിം ജമാഅത്തും സഹായ ചാരിറ്റബിൾ ട്രസ്റ്റും നൽകിയ 50 സെൻറ് സ്ഥലത്താണ് വീടുകളുടെ നിർമാണം.
600 വീടുകൾ ഉണ്ടായിരുന്ന പ്രദേശത്തെ 110 വീടുകൾ പൂർണമായും അന്നത്തെ പ്രളയത്തിൽ തകർന്നിരുന്നു. ജാതി മത പരിഗണന കൂടാതെ പ്രാദേശിക ജമാഅത്ത് കമ്മിറ്റി കണ്ടെത്തിയ 15 കുടുംബങ്ങൾക്ക് ഒക്ടോബർ ഏഴിന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ വീടുകൾ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.