നെഞ്ചിൽ ഖത്തറാണ് മുത്തേ
text_fieldsപടന്ന: ലോകകപ്പ് ഫുട്ബാളിന്റെ ആരവത്തിൽ മുങ്ങി നാട്. കായിക യുവജനക്ഷേമ വകുപ്പ്, സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോളിന്റെ ഭാഗമായി എടച്ചാക്കൈയിൽ ഗോളാരവം സംഘടിപ്പിച്ചു. എടച്ചാക്കൈ എ.യു.പി സ്കൂൾ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ സംഘടിപ്പിച്ച 'ഗോളാരവം' പരിപാടി ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയംഗവും കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയുമായ ടി.കെ.എം. മുഹമ്മദ് റഫീഖ് പടന്ന ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകൻ ഇ.പി. വത്സരാജൻ അധ്യക്ഷത വഹിച്ചു. സബ് ജൂനിയർ ജില്ല ഫുട്ബാൾ ടീമംഗങ്ങളും സ്കൂൾ പൂർവ വിദ്യാർഥികളുമായ പി.മുഹമ്മദ് ഫർഹാൻ, യു.പി. ഇമ്രാൻ, ജസീർ പാലത്തേര എന്നിവർ മുഖ്യാതിഥിയായി.
ലോകകപ്പ് ഫുട്ബാളിന്റെ വരവറിയിച്ച് വിദ്യാലയത്തിലും ലഹരിക്കെതിരെ ഗോൾവർഷം. ഉദിനൂർ സൗത്ത് ഇസ്‍ലാമിയ എ.എൽ.പി സ്കൂൾ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ഗോൾ ചലഞ്ച് ആവേശം നിറഞ്ഞതായി. ജില്ല ഫുട്ബാൾ പരിശീലകൻ കെ.വി. ഗോപാലൻ കിക്കോഫ് ചെയ്തു. സെപക് താക്രോ സംസ്ഥാന പരിശീലകൻ എം.ടി.പി. ബഷീർ മുഖ്യാതിഥിയായി.
പഴയകാല ഫുട്ബാൾ താരം ടി.സി. മുഹമ്മദ് സാനി, എ.ബി. ബഷീർ,സി. കെ. ഷരീഫ്, ടി.സി. ഇസ്മയിൽ, പി.ടി.എ പ്രസിഡന്റ് മഹേഷ്കുമാർ, വൈസ് പ്രസിഡന്റ് പി. ആബിദ്, എ.കെ. അബ്ദുല്ല ഹാജി എന്നിവർ സംബന്ധിച്ചു. പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഓരി മുക്ക് മുതൽ തെക്കേപ്പുറം വരെ സൈക്കിൾ റാലി നടത്തി. യൂനിവേഴ്സൽ സ്പോർട്സ് ക്ലബ് പടന്ന മൂസ ഹാജി മുക്കിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. പി.കെ.സി. മുഹമ്മദ് കുഞ്ഞി, പി. സമീർ, ബി.എസ്. ഷരീഫ്, എ.സി. ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.
ഗോളടിച്ച് കോളടിച്ച് ആലന്തട്ട
ചെറുവത്തൂർ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ആരവങ്ങളെ നെഞ്ചിലേറ്റി ആലന്തട്ട എ.യു.പി. സ്കൂൾ 'ഗോളടിക്കാം സമ്മാനം നേടാം' പരിപാടി സംഘടിപ്പിച്ചു. ലഹരി ഉൽപന്നങ്ങൾക്കെതിരെ 'ഫുട്ബാൾ ലഹരി' എന്ന സന്ദേശം നൽകി വൺ മില്യൺ ഗോൾ ചലഞ്ചിന് തുടക്കം കുറിച്ചു. ബ്രസീൽ, അർജൻറീന, പോർചുഗൽ, ഇംഗ്ലണ്ട്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ജഴ്സി ധരിച്ചാണ് കുട്ടികൾ എത്തിയത്.
രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവരും മത്സരിച്ചു. വിജയികൾക്ക് ഫുട്ബാൾ, ജഴ്സി ഇവ സമ്മാനമായി നൽകി. ജില്ല ഫുട്ബാൾ കോച്ച് കെ.വി. ഗോപാലൻ സ്കൂളിന് ഫുട്ബാൾ നൽകി ഉദ്ഘാടനം ചെയ്തു. മൂന്നാംതരത്തിലെ ശ്രീദിയയും സ്കൂളിന് ഫുട്ബാൾ നൽകി. പി.ടി.എ പ്രസിഡൻറ് കെ. മധു അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ടി. പ്രീത, പ്രധാനാധ്യാപകൻ കെ.വി. വിനോദ്, സീനിയർ അധ്യാപിക ടി. ശൈലജ, എന്നിവർ സംസാരിച്ചു. സി.ടി. ജിതേഷ് സ്വാഗതവും കെ. സേതുമാധവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.