സൈക്കിളിൽ ഒരുമാസം 30 സെഞ്ച്വറി; പുതിയ റെക്കോഡുമായി ഇംതിയാസ്
text_fieldsവ്യായാമത്തിനായി സൈക്ലിങ് തുടങ്ങി ദേശാന്തര മത്സരങ്ങളിൽ പങ്കെടുത്ത തൃക്കരിപ്പൂർ സ്വദേശി എൻ.കെ.പി. ഇംതിയാസ് അഹ്മദ് 30 ദിവസം തുടർച്ചയായി 100 കിലോമീറ്റർ ചവിട്ടി പുതിയ റെക്കോഡ് നേടി. ബംഗളൂരുവിൽ ബിസിനസുകാരനായ ഇംതിയാസ് നാട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് സൈക്ലിങ് പുനരാരംഭിച്ചത്. അടച്ചിടലിൽ 76 കിലോയായി വർധിച്ച ശരീര ഭാരം ഇപ്പോൾ 68 ആയി കുറഞ്ഞു.
കോവിഡ് കാലത്തെ ഒഴിവുസമയം പാഴാക്കാതെ സൈക്കിളുമായി ഇറങ്ങിയാണ് അപൂർവ നേട്ടം കൈവരിച്ചത്. ശരാശരി അഞ്ചുമണിക്കൂർ കൊണ്ട് മണിക്കൂറിൽ 20 കിലോമീറ്റർ റൈഡ് ചെയ്താണ് 30 ദിവസം കൊണ്ട് 3099 കിലോമീറ്റർ പിന്നിട്ടത്. കണ്ണൂർ ജില്ലയിൽ കൂടാളി, അഴീക്കൽ, പയ്യാമ്പലം തുടങ്ങിയ കേന്ദ്രങ്ങളിലേക്കും കാസർകോട് ജില്ലയിൽ ഉദുമ, ബേക്കൽ, കാസർകോട് എന്നിവിടങ്ങളിലേക്കും റൈഡ് നീണ്ടു. മഴയും വെയിലും വകവെക്കാതെ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചായിരുന്നു കോവിഡ് കാലത്തെ യാത്ര. പുലർച്ച പുട്ട് കഴിച്ച് ഇറങ്ങും. പിന്നെ കൈയിൽ കരുതുന്ന അണ്ടിപ്പരിപ്പ്, ബദാം, ഈത്തപ്പഴം തുടങ്ങിയവയാണ് ഈ 46 കാരെൻറ ആഹാരം.
ഉത്തരകേരളത്തിെൻറ പ്രഥമ 'സൂപ്പർ റോഡണർ' കൂടിയായ ഇംതിയാസ് നടൻ ആര്യയുടെ ടീമിനൊപ്പം പാരിസ് ബ്രെസ്റ്റ് പാരിസ് ദീർഘദൂര സൈക്കിളോട്ട മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് തുടങ്ങിയ റൈഡ് ഇന്നലെ അവസാനിച്ചു. ബംഗളൂരു റോഡണസ് സംഘടിപ്പിച്ച 600 കിലോമീറ്റർ ദീർഘദൂര സൈക്കിൾ സവാരി നിശ്ചിത സമയത്തിനുമുമ്പ് പൂർത്തീകരിച്ചാണ് ഇംതിയാസ് സൂപ്പർ റോഡണർ പട്ടികയിൽ ഇടം നേടിയത്.
ദേശാന്തര സൈക്ലിങ് ഗവേണിങ് ബോഡിയായ ഓഡാക്സ് ക്ലബ് പാരിസിയൻ ആണ് ദീർഘദൂര സൈക്ലിങ് സ്പോർട്സിന് ഇന്ത്യയിൽ ഉൾെപ്പടെ വിവിധ രാജ്യങ്ങളിൽ നേതൃത്വം നൽകുന്നത്. നവംബറിൽ തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന സൈക്ലിങ് വർഷത്തിൽ നാല് ബ്രെവേകൾ പൂർത്തിയാക്കുന്നവർക്കാണ് 'സൂപ്പർ റോഡണർ' പദവി ലഭിക്കുന്നത്. ഇവർക്കുള്ള മെഡലുകൾ പാരിസിൽ നിന്നാണ് എത്തുന്നത്.
ഇപ്പോൾ ചെയ്തതുപോലുള്ള റെക്കോഡ് മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൈക്ലിങ് രംഗത്തെ പരിചയസമ്പന്നർ പറയുന്നത്. ബംഗളൂരു മലയാളി വിദ്യ ചന്ദ്രൻ 28 ദിവസം 100 കിലോമീറ്റർ റൈഡ് ചെയ്തിട്ടുണ്ട്. അവർ പക്ഷേ, ഞായറാഴ്ചകളിൽ റൈഡ് ഒഴിവാക്കി. തൃക്കരിപ്പൂരിലെ പി.പി. അഹമ്മദ്-എൻ.കെ.പി. ഖദീജ ദമ്പതിമാരുടെ മകനാണ് ഇംതിയാസ്. ഭാര്യ: ഫർസാന. മക്കൾ: മാസിൻ, മീസ, മിൻസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.