450 കോടിയുടെ മുക്കട കുടിവെള്ള പദ്ധതി ചുവപ്പുനാടയിൽ
text_fieldsതൃക്കരിപ്പൂർ: തീരദേശ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന മുക്കട പദ്ധതി അനിശ്ചിതത്വത്തിൽ. മുക്കട പുഴയിൽനിന്ന് വെള്ളമെത്തിച്ച് പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് അജോയിനിങ് പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കാനാണ് നാലുവർഷം മുമ്പ് വിഭാവനം ചെയ്തത്. 35 കോടിരൂപയിൽ ആരംഭിച്ച പദ്ധതി പ്രവർത്തനം ജൽജീവൻ മിഷൻ വഴി 450 കോടിയുടെ പദ്ധതിയായി വിപുലീകരിക്കുകയായിരുന്നു. എന്നാൽ, പദ്ധതിക്ക് അനുമതി ലഭിക്കാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സം.
പദ്ധതിക്ക് കാഞ്ഞങ്ങാട്ട് സ്പെഷൽ ഓഫിസറുടെ ഓഫിസ് തുറന്നിട്ടുണ്ട്. പദ്ധതിയിലൂടെ തൃക്കരിപ്പൂർ, വലിയപറമ്പ, പടന്ന, ചെറുവത്തൂർ, പിലിക്കോട്, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലേക്ക് പാലായി റെഗുലേറ്റർ കം ബ്രിഡ്ജിൽനിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്ത് മുക്കട പുഴയിൽനിന്നും കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി. മുക്കട പുഴയോരത്ത് കിണർ സ്ഥാപിച്ച് അവിടെനിന്നുളള വെള്ളം ചീമേനി ഐ.എച്ച്.ആർ.ഡി കോളജിന് സമീപമുള്ള പള്ളിപ്പാറയിൽ സർക്കാറിന്റെ രണ്ട് ഏക്കർ സ്ഥലത്ത് ശുദ്ധീകരണ പ്ലാന്റിലേക്കെത്തിക്കും. ഏഴ് പഞ്ചായത്തുകളിൽ ഇതിനായി പ്രത്യേകം സംഭരണികൾ സ്ഥാപിക്കും. ഈ ടാങ്കുകളിൽനിന്നുമാണ് വെള്ളം വീടുകളിലേക്ക് നൽകുക. ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് ആദ്യഘട്ടമായ പാലായി ഷട്ടർ കം ബ്രിഡ്ജ് യാഥാർഥ്യമായത്. തേജസ്വിനി പുഴയുടെ കുറുകെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലായിയെയും ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് ഷട്ടർ കം ബ്രിഡ്ജ് നിർമിച്ചത്. അതോടെ തേജസ്വിനി പുഴയുടെ പാലായി ബ്രിഡ്ജ് മുതൽ കുന്നുംകൈ -പുളിങ്ങോം വരെ നീണ്ടുപോകുന്ന ഭാഗം ശുദ്ധജല സംഭരണിയായി മാറി. ഇതിന്റെ തീരത്ത് മുക്കട കുണ്ട്യം എന്ന സ്ഥലത്താണ് പ്രധാനപ്പെട്ട കിണർ സ്ഥാപിക്കേണ്ടത്.
കിണർ സ്ഥാപിക്കാൻ ആവശ്യമായ ഭൂമി തൃക്കരിപ്പൂരിലെ സ്റ്റാമ്പ് വെണ്ടർ പരേതനായ എസ്.വി. അബ്ദുല്ലയുടെ മക്കളും അബൂദബി തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം.സി.സിയും സ്ഥലം സംഭാവനയായി നൽകിയിട്ടുണ്ട്. പദ്ധതിയിൽ 530 കിലോമീറ്ററിലധികം പൈപ്പ് ലൈനുകൾ സ്ഥാപിക്കും. പദ്ധതിക്ക് ആവശ്യമായ തുക കേന്ദ്രസർക്കാറിന്റെ ജൽജീവൻ മിഷൻ, സംസ്ഥാന സർക്കാർ, പഞ്ചായത്തുകൾ, ഗുണഭോക്താക്കൾ എന്നിവരുടെ വിഹിതമാണ്. തൃക്കരിപ്പൂരിൽ നടക്കാവ്, ഇളമ്പച്ചി, ആയിറ്റി എന്നിവിടങ്ങളിലാണ് ടാങ്ക് സ്ഥാപിക്കുക. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ടാങ്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി വിട്ടുനൽകാൻ ഭരണസമിതി അനുമതിനൽകിയിട്ടുണ്ട്.
2022ൽ പദ്ധതി നാടിന് സമർപ്പിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ചില പഞ്ചായത്തുകളിൽ പൈപ് ലൈൻ സ്ഥാപിച്ചത് ഒഴിച്ചുനിർത്തിയാൽ പ്രവർത്തനം ഒന്നും ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.