കതിരണിഞ്ഞ പാടങ്ങളിൽ കർഷകരുടെ കണ്ണീർ ; ഏക്കർകണക്കിന് നെൽകൃഷി നശിച്ചു
text_fieldsതൃക്കരിപ്പൂർ: മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇയ്യക്കാട്-കൊയോങ്കര പാടശേഖരത്തിലെ കൊയ്യാൻ പാകത്തിലായ ഏക്കർകണക്കിന് നെൽകൃഷി പൂർണമായി നശിച്ചു. വയ്ക്കോൽപോലും ചീഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി. സുഭിക്ഷ കേരളം പദ്ധതിയിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും മാതൃകാപരമായി കൃഷിയിറക്കിയ പാടശേഖരമാണ് ഇയ്യക്കാട് കൊയോങ്കര പാടശേഖരങ്ങൾ.
പാടങ്ങളിൽ പകുതി ഭാഗവും വരിനെല്ല് വളർന്ന് ഭീഷണിയിലായ നേരത്താണ് അപ്രതീക്ഷിതമായി ന്യൂനമർദത്തെ തുടർന്ന് പെരുമഴയായി ദുരന്തമെത്തിയത്. ഒരു മണി നെല്ലുപോലും ലഭിക്കാത്തതിൽ കണ്ണീർ വാർക്കുന്ന കർഷകർക്ക് ബാക്കിയായ വിളപോലും കൊയ്തെടുക്കാനായില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ വിളയെല്ലാം നശിച്ചത് കാണാനുള്ള കരുത്തുപോലുമില്ലാതെ കർഷകർ ദുരിതക്കണ്ണീർ പൊഴിക്കുകയാണ്. കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.
നഷ്ടത്തിെൻറ കണക്ക് വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥ സംഘം പാടശേഖരം സന്ദർശിച്ചു. ഇയ്യക്കാട് മൈത്താണി വൈക്കത്ത് പ്രദേശത്തെ നെൽകൃഷി നശിച്ച വയലുകൾ തൃക്കരിപ്പൂർ കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ നേരിൽ കണ്ടു. പാടശേഖര സമിതി പ്രതിനിധികളായ വി.വി. സുരേശൻ, പി. സദാനന്ദൻ, കെ.വി. പത്മനാഭൻ, ആനിക്കാടി രാഘവൻ, കെ.എം. രമിത്ത് ലാൽ എന്നിവർ വിളനാശം വിശദീകരിച്ചുനൽകി. എടാട്ടുമ്മൽ വയലും കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ചു. വാർഡ് മെംബർ കെ.പി. ലിജി, പാടശേഖരസമിതിയുടെ ടി. ധനഞ്ജയൻ, ടി. അജിത, എം. രാജേഷ് എന്നിവർ നഷ്ടത്തിെൻറ വ്യാപ്തി വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.