കെ റെയിലിനു പകരം എയർസ്ട്രിപ് നിർദേശവുമായി മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്
text_fieldsതൃക്കരിപ്പൂർ: കെ. റെയിൽ ഉയർത്തുന്ന പരിസ്ഥിതി ആഘാതം ചർച്ചയാവുന്ന സാഹചര്യത്തിൽ ബദൽ നിർദേശവുമായി മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി ബഷീർ. കാസർകോട് എയർസ്ട്രിപ് പദ്ധതിക്കായി ഏറെ പ്രവർത്തനങ്ങൾ നടത്തിയ ഇദ്ദേഹം സാമൂഹിക മാധ്യമം വഴിയാണ് ആശയം മുന്നോട്ടുവെച്ചത്.
ആളുകളെ കുടിയൊഴിപ്പിച്ചും 60,000 കോടി രൂപ ചെലവു ചെയ്തും പാത പൂർത്തിയാക്കിയാൽ തന്നെ സാധാരണക്കാരനു താങ്ങാവുന്ന ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം സമർഥിക്കുന്നു. ഇത്രയധികം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പാത പണിയുന്നതിനുപകരം എല്ലാ ജില്ലകളിലും ചെറുകിട എയർസ്ട്രിപ്പുകൾ പണിയുന്നത് കൂടുതൽ ലാഭകരമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2017ൽ ജില്ല പഞ്ചായത്ത് ബജറ്റിൽ പെരിയ എയർസ്ട്രിപ് സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാനുള്ള പദ്ധതിരേഖ മുന്നിൽവെച്ചാണ് വിശദീകരണം. പെരിയയിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ചെലവും കൂട്ടിയാൽ 100 കോടിയിൽ താഴെ മാത്രമാണ് വരുന്നതെന്നും അദ്ദേഹം പറയുന്നു. എയർസ്ട്രിപ് യാഥാർഥ്യമായാൽ 72 പേർക്കുവരെ കയറാവുന്ന ചെറുകിട വിമാനങ്ങൾ സർവിസ് നടത്താം. കേരളത്തിൽ വിമാനത്താവളങ്ങൾ ഉള്ള നാലു ജില്ലകൾ ഒഴിച്ച് മറ്റു പത്തു ജില്ലകളിലും ഇത്തരത്തിൽ ചെറുകിട എയർസ്ട്രിപ്പുകൾ പണിത് ജനങ്ങളുടെ അതിവേഗയാത്ര യാഥാർഥ്യമാക്കുകയാണ് ചെയ്യേണ്ടത്. അതത് ജില്ല പഞ്ചായത്തുകൾ തന്നെ മുൻകൈയെടുത്തു സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ അനുമതിക്കു വിധേയമായി വളരെ എളുപ്പത്തിൽ ഇതെല്ലാം പ്രാവർത്തികമാക്കാമെന്നും എ.ജി.സി. ബഷീർ മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.