ബീരിച്ചേരി ജുമാമസ്ജിദ് നിർമിച്ചത് 1293ലെന്ന് കണ്ടെത്തൽ
text_fieldsതൃക്കരിപ്പൂർ: ജില്ലയിലെ തൃക്കരിപ്പൂരിൽ ബീരിച്ചേരി ജുമാമസ്ജിദിന്റെ നിർമാണം നടന്നത് 1293ലാണെന്ന് കണ്ടെത്തൽ. അതിപുരാതനമായ പള്ളി പണിതത് ഹിജ്റ 693ലാണെന്ന് മസ്ജിദിന്റെ അകത്തെ വാതിൽപടിയിൽ കാവ്യാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട്. വൾവക്കാട് നാലുപുരപ്പാട് ചരിത്ര രചനയുമായി ബന്ധപ്പെട്ട് പൊറോപ്പാട് സ്വദേശി വി.എൻ.പി. ഫൈസൽ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്.
പുതിയ കണ്ടെത്തലിലൂടെ തൃക്കരിപ്പൂരിന്റെ മുസ്ലിം ചരിത്രത്തിന് 1000 വർഷത്തെ പാരമ്പര്യം ഉള്ളതായി അനുമാനിക്കാൻ സാധിക്കും. ബീരിച്ചേരി ജുമാമസ്ജിദിന് 'ഫത്ഹുൽ വദൂദ്' എന്ന അപരനാമവും ലിഖിതത്തിലുണ്ട്.
മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകൾ ഉള്ള ഫലകത്തിൽ എഴുതിവെച്ച കാവ്യശകലങ്ങളിലാണ് ഹിജ്റ വർഷവും ക്രിസ്തു വർഷവും ഉള്ളടക്കം ചെയ്തിട്ടുള്ളത്. അറബി അക്ഷരങ്ങൾ കൊണ്ടാണ് അക്കങ്ങളും വർഷവും സൂചിപ്പിച്ചിട്ടുള്ളത്. തറവാട് ചരിത്ര പഠനവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിലെ പള്ളികളെ കുറിച്ചുള്ള അന്വേഷണങ്ങളിലാണ് ഈ ചരിത്ര ശേഷിപ്പ് കണ്ടെടുത്തത്.
പരേതനായ എം.എ. അബ്ദുൽ ഖാദർ മുസ്ലിയാർ വരെ നീളുന്ന പണ്ഡിതരുടെ ജീവിത രേഖയും ചരിത്ര രചനയുമായി ബന്ധപ്പെട്ട് ശേഖരിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് ഓത്തു പള്ളികളായിരുന്നു ധാർമിക പഠന കേന്ദ്രങ്ങൾ.
വിശുദ്ധ ഖുർആൻ ആണ് പ്രധാനമായും ഓത്തു പള്ളികളിൽ പഠിപ്പിച്ചിരുന്നത്. ഇതിന് പരീക്ഷയോ മൂല്യനിർണയമോ ഉണ്ടായിരുന്നില്ല. അറബി ഓതി പഠിപ്പിക്കുന്നവരെ 'മുഖ്രിഅ്' എന്നാണ് വിളിച്ചിരുന്നത്. ഈ പദം ലോപിച്ചാണ് മുക്രി എന്ന വിളിപ്പേരുണ്ടായത്. ഇന്നത്തെ മുക്രിമാരിൽ നിന്ന് വിഭിന്നമായി അക്കാലത്ത് വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ ഉൾപ്പെടെ ഇവർ നിർവഹിച്ചിരുന്നു. ഉടുമ്പുന്തലയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ട ഹൈദ്രോസ് മസ്ജിദിൽ മുക്രി ആയിരുന്ന മുഹമ്മദിന്റെ വസതിയാണ് പിന്നീട് മുക്രിക്കാന്റവിടെ എന്ന പേരിൽ അറിയപ്പെട്ട തറവാടായി പരിണമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.