ചിറകടിച്ചുയർന്നു മത്സരപ്പറവകൾ; 450 കിലോമീറ്റർ ദൂരം താണ്ടാൻ
text_fieldsതൃക്കരിപ്പൂർ: കടൽത്തീരത്ത് നിരനിരയായി അടുക്കിവെച്ച കൂടുകളിൽനിന്ന് പ്രാവുകൾ നിമിഷനേരംകൊണ്ട് വാനിലേക്കുയർന്നു. ആകാശത്ത് വട്ടമിട്ടശേഷം അവ കൊല്ലം ലക്ഷ്യമാക്കി പറന്നകന്നു. എത്രയകലെ തുറന്നുവിട്ടാലും വീടണയുന്ന സവിശേഷ സ്വഭാവമുള്ള 238 ഹോമിങ് പ്രാവുകളാണ് ഞായറാഴ്ച രാവിലെ കാസർകോട് തീരത്തുനിന്ന് പറന്നുയർന്നത്.
200 മുതൽ 1050 കിലോമീറ്റർ വരെ ദൈർഘ്യമുള്ള പ്രാവുപറത്തൽ മത്സരം കേരളത്തിൽ നടന്നുവരുന്നതായി കൊല്ലം കൈക്കുളങ്ങര വാടിയിൽനിന്ന് പ്രാവുകളുമായി എത്തിയ ബോബ് പ്രെസ്റ്റൻ സേവ്യർ (34) പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ് കേരളത്തിൽ പ്രാവുപറത്തൽ സജീവമായത്. റോയൽ പീജിയൻ റേസിങ് അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് മത്സരം നിരീക്ഷിക്കുക. പ്രാവിനെ കൂട്ടിലടക്കുന്ന സമയം, തുറന്നുവിടുന്ന സമയം, പിന്നിട്ട ദൂരം, വേഗം എന്നിവ കണിശമായി രേഖപ്പെടുത്തും.
ഹോമിങ് പറവകളുടെ ശരാശരി വേഗം മണിക്കൂറിൽ 97 കിലോമീറ്ററാണ്. എന്നാൽ, കേരളത്തിലെ മത്സരങ്ങളിൽ 70 കിലോമീറ്ററിൽ താഴെയാണ് ശരാശരി വേഗം. 19 പേരാണ് ഇന്നലെ നടന്ന മത്സരത്തിൽ പങ്കെടുത്തത്. ഓരോരുത്തരും 15 മുതൽ 25 പ്രാവുകളെയാണ് മത്സരത്തിനെത്തിച്ചത്.
32 ധാന്യങ്ങൾ ചേർത്താണ് ഈ പറവകൾക്ക് തീറ്റ തയാറാക്കുന്നത്. വേഗം കൂടിയ പ്രാവിന് മോഹവിലയാണ്. ഇതിനെ പിന്നീട് പ്രത്യുൽപാദന ആവശ്യങ്ങൾക്കുവേണ്ടിയാണ് വളർത്തുക. ചൂടുകൂടിയ അന്തരീക്ഷത്തിൽ പ്രാപ്പിടിയന്മാരുടെ ആക്രമണം ഒഴിവാക്കാൻ അതിരാവിലെയാണ് മത്സരം ആരംഭിക്കുക.
പറവക്ക് ഒമ്പതുദിവസം പ്രായമാകുമ്പോൾ കാലിൽ ധരിപ്പിക്കുന്ന വളയമാണ് ഇവയുടെ തിരിച്ചറിയൽ രേഖ. മത്സരത്തിൽ പങ്കെടുക്കുമ്പോൾ പ്രത്യേകം കടലാസ് ടാഗുകൾ അണിയിക്കുന്നു. മത്സരം കഴിഞ്ഞ് ഇവ അഴിച്ചെടുക്കുമ്പോൾ മാത്രമാണ് അകത്തുള്ള രഹസ്യ നമ്പർ വെളിപ്പെടുന്നത്.
200 കിലോമീറ്റർ മത്സരം വലപ്പാട്ടും 320 കിലോമീറ്റർ കൊയിലാണ്ടിയിലുമാണ് നടന്നത്. ഈ വർഷത്തെ മൂന്നാമത്തെ ഇനമായ 450 കിലോമീറ്റർ ആണ് കാസർകോട്ട് നടന്നത്. പ്രാവുകളെ കൊണ്ടുവന്ന വാഹനം തിരികെ എത്തുംമുമ്പ് പ്രാവുകൾ കൊല്ലത്ത് മടങ്ങിയെത്തും. ഇനിയുള്ള 600, 800, 1050 കിലോമീറ്റർ മത്സരങ്ങൾ യഥാക്രമം കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.