ചടങ്ങ് മസ്ജിദ് ഉദ്ഘാടനം, വേദിയുടെ പേര് 'ചക്കരേൻ നാരായണൻ'; അറിയണം സൗഹൃദത്തിന്റെ ഈ ചക്കരമധുരം...
text_fieldsതൃക്കരിപ്പൂർ: ചടങ്ങ് മസ്ജിദ് ഉദ്ഘാടനം. ഇതോടനുബന്ധിച്ച സൗഹൃദ സംഗമവേദിയുടെ പേര് 'ചക്കരേൻ നാരായണൻ'. തങ്കയം ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് കമ്മറ്റിയുടെ ചൊവ്വേരിയിലുള്ള ബദർ മസ്ജിദ് ഉദ്ഘാടനചടങ്ങിലാണ് സൗഹൃദത്തിന്റെ ഈ ചക്കരമധുരം...
പരേതനായ ചക്കരേൻ നാരായണന് പള്ളി കമ്മറ്റിയുമായുള്ള ബന്ധം പുതുതലമുറക്ക് അറിയില്ല. 1970കളിൽ പായ് വഞ്ചിയിൽ മരുഭൂമിയിലേക്ക് തൊഴിൽ തേടിപ്പോയ അനേകം പ്രവാസികളിൽ ഒരാളാണ് നാരായണൻ. ഷാർജയിലെ തീരത്ത് എത്തിപ്പെട്ട നാരായണൻ തങ്കയത്തെ സുഹൃത്തുക്കളോടൊപ്പം വിവിധ ജോലികളിൽ ഏർപ്പെട്ടു.
'തങ്കയം ഹൗസ്' കൂട്ടായ്മയുടെ ഭാഗമാവുന്നത് അങ്ങനെയാണ്. കമ്മറ്റിയുടെ കണക്കുകൾ പരിശോധിക്കുന്നതും മറ്റും നാരായണന്റെ ചുമതലയായിരുന്നു. 1978-79 വർഷത്തിൽ തങ്കയം ജമാഅത്തിന്റെ ദുബൈ കമ്മറ്റി രൂപവൽക്കരിച്ചപ്പോൾ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു. തന്റെ ചുമതലകൾ ഭംഗിയായി നിർവഹിച്ച നാരായണനെ പലരും വലിയോൻ എന്നാണ് വിളിച്ചിരുന്നത്.
പ്രവാസം മതിയാക്കി നാട്ടിലെത്തിയ നാരായണൻ കൃഷിയുമായി കഴിഞ്ഞുകൂടവേ, കഴിഞ്ഞവർഷം ജൂലൈ മൂന്നിനാണ് മരിച്ചത്. കെ.പി.ഭവാനിയാണ് ഭാര്യ. മക്കൾ: രജനീഷ്(കെ.എസ്.ആർ.ടി.സി), രജനി(സോഫ്റ്റ് വെയർ എൻജിനീയർ).
ചൊവ്വേരി ബദർ മസ്ജിദ് സമർപ്പിച്ചു
തൃക്കരിപ്പൂർ: തങ്കയം ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് ചൊവ്വേരി ബദർ മസ്ജിദ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ.ജി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, എം.എ. റഷീദ്, എ.ജി. ഷംസുദ്ദീൻ, എ.ജി.സി. ബഷീർ, ഖത്തീബ് സി.ബി. ഹാരിസ് സൈനി, കെ.കെ. അബ്ദുല്ല ഹാജി, ഒ.ടി. അഹമദ് ഹാജി, ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല, ഷൗക്കത്തലി അക്കാളത്ത് എന്നിവർ സംസാരിച്ചു. മസ്ജിദ് രൂപകൽപന ചെയ്ത ആർക്കിടെക്ട് സുഹൈൽ അക്കാളത്തിനെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.