വലിയകൊവ്വൽ ഇൻഡോർ സ്റ്റേഡിയം നിർമാണം തുടങ്ങി
text_fieldsതൃക്കരിപ്പൂർ: തൃക്കരിപ്പൂരിെൻറ കായിക പാരമ്പര്യത്തിന് മുതൽക്കൂട്ടാവുന്ന വലിയകൊവ്വൽ ഇൻഡോർ സ്റ്റേഡിയം നിർമാണം ആരംഭിച്ചു. നടക്കാവ് വലിയകൊവ്വൽ മൈതാനിയിൽ നിലവിലുള്ള രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിനനുബന്ധമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൈമാറിയ 13 ഏക്കർ ഭൂമിയിലാണ് നിർമാണം. പ്രശസ്ത ഫുട്ബാൾ താരവും പരിശീലകനുമായിരുന്ന എം.ആർ.സി. കൃഷ്ണെൻറ പേരിലാണ് സ്റ്റേഡിയം.
ഇരുന്ന് കളി കാണാനുള്ള പവിലിയൻ, ഫ്ലഡ്ലിറ്റ്, വിശ്രമ മുറികൾ, വോളിബാൾ, ഷട്ട്ൽ, ബാസ്കറ്റ്ബാൾ, കബഡി, ടേബ്ൾ ടെന്നിസ്, ഒളിമ്പിക് മാനദണ്ഡപ്രകാരമുള്ള സ്വിമ്മിങ് പൂൾ, പവിലിയനോട് ചേർന്ന് ഷോപ്പിങ് കോംപ്ലക്സ്, ഓഫിസ്, ടോയ്ലറ്റുകൾ, സമാന്തര റോഡ്, വാഹന പാർക്കിങ്, ഓവുചാൽ എന്നിവയാണ് ഒരുക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള മാപ്പ് ഗ്ലോബൽസ് കൺസ്ട്രക്ഷൻ കമ്പനിയാണ് കിറ്റ്കോക്ക് വേണ്ടി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കേണ്ടത്. 13 ഏക്കർ സ്ഥലം പൂർണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. വലിയകൊവ്വൽ മൈതാനിയിൽ പോളിടെക്നിക് കോളജ്, രാജീവ് ഗാന്ധി സിന്തറ്റിക് ടർഫ് എന്നിവ ഒരുക്കിയപ്പോഴും ആളുകൾക്ക് പ്രഭാത നടത്തത്തിന് സൗകര്യം ഉണ്ടായിരുന്നു.
ടർഫിലേക്ക് പ്രവേശിക്കാൻ ഗ്രൗണ്ട് ഫീസ് നൽകേണ്ടിവരുന്നതിനാൽ പ്രാദേശിക കൂട്ടായ്മകളുടെ കളികളും വ്യായാമവും നിത്യേന നടന്നുവരുന്നത് ഈ മൈതാനിയിലാണ്.
ഈ സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഡിയം നിർമിക്കുന്നത്. മൈതാനിക്ക് ചുറ്റും ദേശാന്തര നിലവാരത്തിലുള്ള നടപ്പാത നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.