സൈക്ലിങ്: ലോക റാങ്കിങ്ങിൽ 55ാം സ്ഥാനത്ത് കാസർകോട്ടുകാരൻ
text_fieldsതൃക്കരിപ്പൂർ: ലോക സൈക്ലിങ് ഭൂപടത്തിൽ ജില്ലയുടെ മിന്നുന്ന പ്രകടനം. ലോകത്തിലെ മികച്ച സൈക്ലിങ് ആപ്ലിക്കേഷനായ സ്ട്രാവ സംഘടിപ്പിച്ച സൈക്ലിങ് ചലഞ്ചിൽ കാസർകോട് ചെർക്കള സ്വദേശി സി.എ. മുഹമ്മദ് ഇഖ്ബാലാണ് നാടിന് അഭിമാനമായത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചര ലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള ചലഞ്ചിലാണ് ഈ 42 കാരെൻറ അസാധാരണ പ്രകടനം. തിങ്കളാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന ഒരാഴ്ച കൊണ്ട് 1673 കിലോമീറ്ററാണ് ഇഖ്ബാൽ പിന്നിട്ടത്.
പ്രതിദിനം 200 കിലോമീറ്റർ ലക്ഷ്യമിട്ട് ചവിട്ടിക്കയറിയ ഇഖ്ബാലിെൻറ ശരാശരി 230 കിലോമീറ്ററാണ്. ചെർക്കള ടൗണിൽ ഡിസൈൻ ട്രാക്ക് എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹം കാസർകോട് പെഡലേഴ്‌സിലൂടെ ഏഴുമാസം മുമ്പാണ് സൈക്ലിങ്ങിൽ എത്തിച്ചേർന്നത്.
അടച്ചുപൂട്ടൽ ദിനങ്ങളിൽ തന്നെത്തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് ഇഖ്ബാൽ പറയുന്നു. ദീർഘദൂര സൈക്ലിങ്ങിന് ചേരാത്ത എം.ടി.ബി ബൈക്കിലാണ് തുടങ്ങിയത്. ആദ്യദിനം സെഞ്ച്വറിയുമായി മടങ്ങി.
പിന്നെ ജില്ലയിലുടനീളം കാസർകോട് പെഡലേഴ്‌സ് ടീമിനൊപ്പം യുവാവ് റൈഡ് ചെയ്തു. ഇപ്പോഴത്തെ നേട്ടത്തിൽ ഇഖ്ബാൽ പിന്നിട്ട കയറ്റം മാത്രം 10929 മീറ്ററാണ്. ഇത് മറ്റൊരു നാഴികക്കല്ലാണ്.
നിരപ്പായ റോഡുകൾ മാത്രം മത്സരാർഥികൾ തിരഞ്ഞെടുത്തപ്പോൾ ഇവിടെയും വ്യത്യസ്തത പുലർത്തി. തെൻറ അഞ്ചാമത്തെ പരിശ്രമത്തിലാണ് ഇഖ്ബാൽ വിജയം കണ്ടത്. പരേതനായ കളപ്പുര അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: ഫാതിമത്ത് ഫാസില. രണ്ടുമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.