ദിർഹം തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsതൃക്കരിപ്പൂർ: ദിർഹമെന്ന വ്യാജേന കടലാസ് കെട്ടുകൾ പകരം നൽകി ദമ്പതിമാരിൽനിന്ന് അഞ്ചുലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി ജുവൽ അലിയെയാണ് (ഗോളൻ ശിഖദർ-36) ചന്തേര പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ ജയന്ത്പൂരിൽ താമസക്കാരനായ ഇയാൾ ഗുരുവായൂരിലെ സങ്കേതത്തിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം രണ്ടായി. പരാതിക്കാരനായ ചെറുവത്തൂർ കാടങ്കോട് സ്വദേശി ഹനീഫ ജുവൽ അലിയെ തിരിച്ചറിഞ്ഞു. പെയിൻറിങ് തൊഴിലാളിയായ ഇയാളിൽ നിന്ന് 15000 രൂപയും 200 യു.എ.ഇ ദിർഹവും പിടിച്ചെടുത്തു. ദിർഹം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത, കേസിലെ ഒന്നാം പ്രതി ഝാർഖണ്ഡ് സ്വദേശി ഫാറൂഫ് ശൈഖിെൻറ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന മൂന്നരലക്ഷം രൂപ മരവിപ്പിക്കാൻ പൊലീസ് അപേക്ഷ നൽകി. ഹനീഫയിൽനിന്ന് തട്ടിയ തുകയിൽ നിന്നുള്ള വിഹിതമാണ് ഇതെന്ന് കരുതുന്നു. ഇയാൾക്കെതിരെ മറ്റുജില്ലകളിലും കേസുകൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഈ മാസം നാലിന് ഉച്ചയോടെയാണ് അന്യസംസ്ഥാനക്കാരായ രണ്ടംഗ സംഘം മടക്കര കാടങ്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അബ്ദുൽ ഹനീഫ (31), ഭാര്യ സൗദ (27) എന്നിവരിൽനിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. എട്ടുലക്ഷം മൂല്യമുള്ള ദിർഹം അഞ്ചുലക്ഷം രൂപക്ക് കൈമാറാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം ഹനീഫയുമായി ഇടപാടിലേർപ്പെട്ടത്.
കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും സ്വരൂപിച്ച അഞ്ച് ലക്ഷം രൂപയുമായി ഉച്ചയോടെ ദമ്പതികൾ തൃക്കരിപ്പൂരിലെത്തി. റോഡരികിൽ കാത്തിരുന്ന തട്ടിപ്പ് സംഘം തുണിസഞ്ചിയിലുള്ള പൊതിനൽകിയതിനു ശേഷം ഹനീഫയിൽനിന്ന് പണം വാങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺരേഖകളും പരിശോധിച്ചുള്ള പഴുതടച്ച അന്വേഷണമാണ് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.