ദിർഹം തട്ടിപ്പ്: പ്രതി ഒടുവിൽ പിടിയിൽ; രണ്ടുപേർ കൂടി പൊലീസ് വലയിൽ
text_fields
തൃക്കരിപ്പൂർ: ദിർഹമെന്ന വ്യാജേന പേപ്പർ കെട്ടുകൾ നൽകി ദമ്പതികളിൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണ തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി ഫാറൂഫ് ശൈഖാണ് (42) അറസ്റ്റിലായത്. പയ്യന്നൂർ പെരുമ്പയിലെ വാടക ക്വാർട്ടേഴ്സിൽനിന്നാണ് പൊലീസ് ചീഫിെൻറ പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.
തട്ടിപ്പുസംഘത്തിലെ ബിഹാർ, പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേർ കൂടി പൊലീസ് വലയിലാണ്. പെയിൻറിങ് തൊഴിലാളികളായ മൂന്നുപേരും ഒന്നിച്ചാണ് താമസം. ഈ മാസം നാലിന് ഉച്ചയോടെയാണ് ഇതരസംസ്ഥാനക്കാരായ രണ്ടംഗ സംഘം മടക്കര കാടങ്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അബ്ദുൽ ഹനീഫ (31), ഭാര്യ സൗദ (27) എന്നിവരിൽനിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്.
എട്ട് ലക്ഷം മൂല്യമുള്ള ദിർഹം അഞ്ച് ലക്ഷം രൂപക്ക് കൈമാറാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം ഹനീഫയുമായി ഇടപാടിലേർപ്പെട്ടത്. കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും സ്വരൂപിച്ച അഞ്ചു ലക്ഷം രൂപയുമായി ഉച്ചയോടെ ദമ്പതികൾ തൃക്കരിപ്പൂരിലെത്തി. റോഡരികിൽ കാത്തിരുന്ന തട്ടിപ്പുസംഘം തുണിസഞ്ചിയിലുള്ള പൊതി നൽകിയതിനുശേഷം ഹനീഫയിൽനിന്ന് പണം വാങ്ങി ഓടിരക്ഷപ്പെട്ടു. ദിർഹംസിന് പകരം പത്രക്കടലാസുകൾ മടക്കിവെച്ച നിലയിലായിരുന്നു.
പ്രതികളിൽ ഒരാളുടെ സി.സി.ടി.വി ദൃശ്യം ചന്തേര പൊലീസ് പുറത്തുവിട്ടിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇവർ പൊലീസ് വലയിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ചന്തേര പൊലീസ് ഇൻസ്പെക്ടർ പി. നാരായണൻ, ചന്തേര എസ്.ഐ എം.വി. ശ്രീദാസ്, ക്രൈം സ്ക്വാഡ് ഉദ്യോഗസ്ഥനായ അബൂബക്കർ കല്ലായി എന്നീ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.