സ്കൂളിനെതിരെ വ്യാജപ്രചാരണം: കൈക്കോട്ടുകടവിൽ പ്രതിഷേധം
text_fieldsതൃക്കരിപ്പൂർ: കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്കൂളിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വൻ പ്രതിഷേധം. സ്‌കൂളിലെ വിദ്യാർഥികൾ ഒന്നടങ്കം കൈക്കോട്ടുകടവിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. പരിസരത്തെ ഒരു മൊബൈൽ കടക്കുനേരെയും കുട്ടികളുടെ രോഷം ഉയർന്നു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് കുട്ടികളെ അനുനയിപ്പിച്ചത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഡി.ഐ.ജിക്ക് പരാതി അയച്ചു. ഒരു കുടുംബ പേരിലുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ് വഴി പ്രചരിച്ച സന്ദേശത്തിന്റെ പകർപ്പും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. സ്‌കൂൾ കുട്ടികളിൽനിന്ന് മയക്കുമരുന്ന് പിടികൂടി എന്നായിരുന്നു പ്രചാരണം.
എന്നാൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് രക്ഷിതാക്കൾക്കിടയിലും ആശങ്ക ഉണ്ടാക്കിയിരുന്നു. സ്‌കൂളിനെയും വിദ്യാർഥികളെയും അപമാനിച്ച സംഭവത്തിൽ വനിത ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു. വീട്ടമ്മമാരെ അണിനിരത്തി പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. വ്യാജ പ്രചാരണം ഉന്നയിച്ച് സ്‌കൂളിനെ അപകീർത്തിപ്പെടുത്തിയ സമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി വേണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.