സൈക്കിളിൽ രണ്ടു ഭൂഖണ്ഡങ്ങൾ താണ്ടി ഫായിസ് ഇന്ന് മടങ്ങിയെത്തുന്നു
text_fieldsതൃക്കരിപ്പൂർ: രണ്ടു ഭൂഖണ്ഡങ്ങളിലൂടെ 30 രാജ്യങ്ങൾ പിന്നിട്ട കോഴിക്കോട്ടുകാരൻ ഫായിസ് അഷ്റഫലിയുടെ സാഹസിക സൈക്കിൾയാത്രക്ക് ഇന്ന് പര്യവസാനം. രണ്ടുവർഷം നീണ്ട യാത്രക്കൊടുവിൽ ഒളിമ്പിക്സ് കൂടി കണ്ടാണ് വ്യാഴാഴ്ച വൈകീട്ട് നാട്ടിൽ മടങ്ങിയെത്തുന്നത്.
ലണ്ടനിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ പാരിസിലേക്ക് നീട്ടുകയായിരുന്നു. ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിന്റേത് ഉൾപ്പെടെ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയാണ് ഫായിസിന്റെ മടക്കം. ജൂലൈ 18ന് വെസ്മിനിസ്റ്ററിൽ നടന്ന ചടങ്ങിലാണ് ഫായിസിന് ബ്രിട്ടീഷ് പാർലമെന്റ് സൈക്ലിങ്ങിനുള്ള ലോക റെക്കോഡ് അംഗീകാരം കൈമാറിയത്. പ്രശസ്തിപത്രവും മെഡലും മെമന്റോയുമാണ് സമ്മാനിച്ചത്. തനിക്ക് ലഭിച്ച അംഗീകാരം പിതാവ് പരേതനായ കെ.വി. അഷ്റഫിന് സമർപ്പിക്കുന്നതായി ഫായിസ് പറഞ്ഞു.
ഒളിമ്പിക് ജാവലിൻ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രക്കുവേണ്ടി ആർപ്പുവിളിക്കാൻ ഫായിസുമുണ്ടായിരുന്നു. പിന്നീട് ചോപ്രയെ നേരിൽ കണ്ടതും മറക്കാനാവാത്ത അനുഭവമായി. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുമായും കൂടിക്കാഴ്ച നടത്തി. പാരിസിലെ ഇന്ത്യൻ എംബസിയാണ് ഒളിമ്പിക്സ് കാണാനുള്ള സൗകര്യമൊരുക്കിയത്.
ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, സുരേഷ് റെയ്ന, വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽസ്, ലുലു ഉടമ എം.എ. യൂസുഫലി എന്നിവരെ കാണാൻ സാധിച്ചത് റൈഡിനിടെ കിട്ടിയ അസുലഭ നിമിഷങ്ങളാണ്. ഇംഗ്ലണ്ടിലെ മിൽട്ടൺ കൈൻസിൽ നടന്ന ഇന്ത്യ ഡേയിൽ അതിഥിയായി പങ്കെടുക്കാൻ സാധിച്ചതും മറക്കാനാവാത്ത അനുഭവമാണ്.
ഇന്ത്യയിൽനിന്ന് ആരംഭിച്ച് ഒമാൻ, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കിയ, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക് റിപ്പബ്ലിക്, ജർമനി, ഡെൻമാർക്, നോർവേ, പോളണ്ട്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ്, യു.കെ എന്നിങ്ങനെയായിരുന്നു ഫായിസിന്റെ യാത്രാപഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.