ജിയോ ട്യൂബോ ടെട്രാപോഡോ? തീരുമാനത്തിന് വലിയപറമ്പ കാത്തിരിക്കുന്നു
text_fieldsതൃക്കരിപ്പൂർ: കടലെടുക്കുന്ന തീരം കാക്കാൻ എന്താവും വലിയപറമ്പിൽ കൊണ്ടുവരുക ? കോൺക്രീറ്റ് കാലുകളുള്ള ടെട്രാപോഡോ അതോ വെള്ളത്തിെൻറ മർദം കുറക്കുന്ന ജിയോ ട്യൂബ് സംവിധാനമാകുമോ ദ്വീപിലെത്തുക. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതി ആവിഷ്കരിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് വലിയപറമ്പ ദ്വീപ് വാസികൾ.
അടുത്തിടെ തീരത്തുണ്ടായ കടൽക്ഷോഭത്തിൽ ധാരാളം നാശനഷ്ടം ഉണ്ടായിരുന്നു. പ്രദേശം സന്ദർശിച്ച എം.എൽ.എ, ജിയോ ട്യൂബ് സാങ്കേതിക വിദ്യ പ്രായോഗികമെങ്കിൽ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. അതീവ ദുർബലമായ തീരമേഖല സംരക്ഷണത്തിന് 1500 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
കിഫ്ബിയിൽ നിന്നാണ് പണം ലഭ്യമാക്കുക. മാതൃക സ്വീകരിക്കപ്പെടുന്ന മുറക്ക് ജൂലൈയിൽ തന്നെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും ബജറ്റ് പറയുന്നു. പക്ഷേ, വലിയപറമ്പിൽ ഇതുസംബന്ധിച്ച പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. മാവിലാകടപ്പുറം മേഖലയിൽ നേരത്തെ കടൽഭിത്തിക്കായെത്തിച്ച കല്ലുകൾ കടലെടുത്തിരുന്നു. തിരുവനന്തപുരം വിഴിഞ്ഞത്ത് ജിയോ ട്യൂബ് അഥവാ ഭൂവസ്ത്രക്കുഴൽ സ്ഥാപിക്കുന്ന പൈലറ്റ് പ്രോജക്ട് ഇതുവരെയും നടപ്പാക്കാൻ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ടെട്രാപോഡാണ് അഭികാമ്യമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. അതേസമയം, തീരദേശ ഹൈവേ സംബന്ധിച്ച പ്രഖ്യാപനം ദ്വീപിന് ആശ്വാസം പകരുന്നതാണ്. വലിയപറമ്പ ദ്വീപിലൂടെയാണ് പാത കടന്നുപോവുക. ഇതിനുള്ള ഡ്രോൺ സർവേ പൂർത്തിയായിട്ടുണ്ട്. 25 കിലോമീറ്റർ ഇടവേളകളിൽ പാതയോര സുവിധ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.