റെയിൽവേ ട്രാക്കിൽ കരിങ്കല്ല്; അന്വേഷണമെത്തിയത് കുട്ടികളിൽ
text_fieldsതൃക്കരിപ്പൂർ: ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ കല്ല് നിരത്തിയ സംഭവത്തിൽ അന്വേഷണമെത്തിയത് 11 വയസ്സുകാരായ രണ്ട് കുട്ടികളിൽ. കഴിഞ്ഞ ദിവസം വൈകീട്ട് പയ്യന്നൂർ- തൃക്കരിപ്പൂർ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. തിരുവനന്തപുരം നേത്രാവതി കുർള എക്സ്പ്രസ് കടന്നു പോവുന്നതിനിടെ എൻജിൻ ഉലഞ്ഞത് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
പൊലീസും പിന്നീട് റെയിൽവേ സുരക്ഷ സേനയും നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ട് കുട്ടികളെ പിടികൂടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് പിടിയിലായത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്.
പ്രദേശത്തുണ്ടായ സംഭവത്തെ തുടർന്ന് വാർഡ് മെംബറുടെ നേതൃത്വത്തിൽ പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അസം സ്വദേശികളുടെ കുട്ടികൾ ചെയ്ത തെറ്റ് തുറന്നുപറഞ്ഞത്. തുടർന്ന് ചന്തേര പൊലീസിൽ വിവരം അറിയിക്കുകയും കുട്ടികളെ പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കുട്ടികൾക്ക് കൗൺസലിങ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.