മാമുക്കാന്റെ ദോസ്താന്ന് പറഞ്ഞാള...
text_fieldsതൃക്കരിപ്പൂർ: ‘സുധീഷിനോട് ഞാൻ വിളിച്ചു പറയാം. മാമുക്ക അയച്ചതാന്ന് പറഞ്ഞാള...’ സാഹിത്യകാരൻ വി.ആർ. സുധീഷിെന്റ അഭിമുഖം മലയാള സിനിമയിലെ ‘ഗഫൂർ ക ദോസ്ത്’ തരപ്പെടുത്തിയത് ഓർത്തെടുക്കുകയാണ് തൃക്കരിപ്പൂരിലെ വിജയകുമാർ മുല്ലേരി.
അഞ്ചുവർഷം മുമ്പ് ഒരു മാസികക്ക് വേണ്ടി അഭിമുഖത്തിന് അനുവാദംതേടി ചെന്നപ്പോൾ ആദ്യം കെറുവിച്ചു. തന്നെക്കുറിച്ച് ഇനിയൊന്നും എഴുതാൻ ഇല്ലെന്നായി അദ്ദേഹം. സംസാരം ബേപ്പൂർ സുൽത്താനിലും പൊറ്റക്കാട്ടിലും എത്തിയപ്പോൾ മാമുക്ക ഉഷാറായി. അപ്പോൾ അഭിമുഖം ആവാമെന്നായി. ഏതാനും ആഴ്ച മുമ്പാണ് മാമുക്ക അവസാനമായി വിളിച്ചത്.
ട്രെയിനിൽകണ്ട അന്ധനായ ഒരു പിതാവിനെയും മകളെയുംപറ്റി വിജയകുമാർ എഴുതിയ കുറിപ്പ് വായിച്ചായിരുന്നു അന്നത്തെ വിളി. കുറച്ചു നേരം അതിനെക്കുറിച്ച് സംസാരിക്കുകയുമുണ്ടായി. ഒരുദിവസം കാണാമെന്ന് പതിവുപോലെ പറഞ്ഞ് ഫോൺ വെച്ചപ്പോൾ അതൊരു പാഴ് വാക്കായിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല.
പരിചയപ്പെട്ട ചില ആളുകളെ നമുക്ക് വിടാൻ പറ്റില്ലെന്ന് മാമുക്ക പറയുമായിരുന്നു. മാമുക്ക എന്ന് വിളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. കോഴിക്കോട് ബേപ്പൂരിനടുത്ത അരക്കിണറിലെ വീട്ടിലെത്തുമ്പോൾ സുലൈമാനി തന്നാണ് സ്വീകരിക്കാറുള്ളത്.
എസ്.കെ. പൊറ്റക്കാടിെന്റ ഒരു ദേശത്തിന്റെ കഥയിലെ റാവുത്തർ മൗലവിയെപ്പറ്റിയും മറ്റുചില കഥകളും പറഞ്ഞപ്പോൾ മാമുക്ക പൊട്ടിച്ചിരിച്ചു. ചിരിയുടെ സുൽത്താൻ തന്നെകേട്ട് ചിരിച്ചത് വലിയൊരു അംഗീകാരമായി വിജയകുമാർ കാണുന്നു. അടുത്താഴ്ച പോയി കാണാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇനി അതിന് സാധിക്കില്ലല്ലോ.. വിജയകുമാർ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.