പട്ടാളക്കാരൻ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; യുവാവിന് പണം നഷ്ടമായി
text_fieldsതൃക്കരിപ്പൂർ: പ്രമുഖ ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റായ ഒ.എൽ.എക്സ് ഉപയോഗിച്ച് പട്ടാളക്കാരനെന്ന വ്യാജേന തട്ടിപ്പ്. മുംബൈ മീര റോഡിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന യുവാവിനാണ് പണം നഷ്ടമായത്. നിരവധി പേർക്ക് പണം നഷ്ടമായതായി സൂചനയുണ്ട്.
പട്ടാള കാൻറീനിൽ കുറഞ്ഞ വിലക്ക് റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളും ഐ ഫോണും മറ്റും വിൽപനക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 17,000 രൂപക്കാണ് സൈറ്റിൽ ഐഫോൺ വിൽക്കാൻ വെച്ചത്. കോവിഡ് കാലത്ത് നാട്ടിലെത്തിയ യുവാവ് അത്യാവശ്യം ജോലികൾക്ക് ഉപയോഗിക്കാനാണ് ഫോൺ തെരഞ്ഞത്. സൈറ്റിൽ കണ്ട നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ പുണെയിലെ പട്ടാള ക്യാമ്പിൽ ജോലിചെയ്യുന്ന ഭൂഷൺ അശോക് കദം എന്നാണ് പരിചയപ്പെടുത്തിയത്. ആർമി വേഷത്തിലുള്ള പടങ്ങളും കാൻറീനിലെ ഇയാളുടെ സ്മാർട്ട് കാർഡിെൻറ പകർപ്പും അയച്ചുകൊടുത്തും വിഡിയോ കാൾ ചെയ്തുമാണ് വിശ്വാസമാർജിച്ചത്. 15,000 രൂപക്ക് കച്ചവടം ഉറപ്പിച്ചു. ഇയാളുടെ പേരിലുള്ള ആധാർ, പാൻ കാർഡുകളും വാട്ട്സ്ആപ് വഴി കൈമാറി.
പണം മുൻകൂർ കൊടുക്കുവാൻ മൂന്ന് ഗൂഗിൾ പേ നമ്പറുകളാണ് കൈമാറിയത്. രണ്ടുതവണയായി മുഴുവൻ തുകയും കൈമാറി. ആർമി ട്രാൻസ്‌പോർട്ട് പാർസൽ സർവിസ് വഴി അയക്കുന്നതിെൻറ രേഖയും അയച്ചുകൊടുത്തു. പിന്നീട് ഡെലിവറി ഇനത്തിൽ രണ്ടായിരം രൂപ കൂടി ആവശ്യപ്പെട്ടു. പാർസൽ കിട്ടിയാൽ ഇത് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു. പിന്നീട് ബന്ധപ്പെടാനുള്ള ഫോൺ സ്വിച്ച് ഓഫായി.
ബംഗളൂരുവിലുള്ള ഉന്നത ആർമി ഓഫിസർ വഴി ഗൂഗിൾ പേ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കദമിെൻറ സുഹൃത്താണ് ഫോണെടുത്തത്. ആവശ്യക്കാരെന്ന വ്യാജേനയാണ് ബന്ധപ്പെട്ടത്. ആദ്യം ഹരിയാനയിലെ ഗുർഗോണിൽ ആണെന്ന് പറഞ്ഞ ഇയാൾ പിന്നീട് തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലാണെന്ന് മാറ്റിപ്പറഞ്ഞു. നേരിൽ കാണാമെന്നു പറഞ്ഞപ്പോൾ സംഭാഷണം മുറിഞ്ഞു. രണ്ടുലക്ഷത്തോളം വിലയുള്ള റോയൽ എൻഫീൽഡ് സിഗ്നൽസ് ബൈക്കിെൻറ ചിത്രവും രേഖകളുമാണ് ഇവർക്ക് അയച്ചുകൊടുത്തത്. 80,000 രൂപയാണ് ആവശ്യപ്പെട്ടത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ചിത്രത്തിലുള്ളത്. പാലക്കാട് കാവശ്ശേരി സ്വദേശിയുടെ പേരിലാണ് ആർ.സി. ബൈക്ക് പട്ടാള വാഹനത്തിൽ നേരിട്ട് എത്തിക്കും എന്നാണ് വിശ്വസിപ്പിച്ചത്.
ഒ.എൽ.എക്സ് അക്കൗണ്ടിൽ കാൽലക്ഷം രൂപക്ക് കെ.ടി.എം ഡ്യൂക്ക് ബൈക്കും ഒന്നര ലക്ഷം രൂപക്ക് സ്കോർപ്പിയോ കാറും വിൽപനക്ക് വെച്ച് രാജ്യത്ത് വിവിധ ഇടങ്ങളിൽ നിന്ന് ആളുകളെ വഞ്ചിച്ച് പണം പിടുങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. മറ്റാരുടെയെങ്കിലും രേഖകൾ തട്ടിപ്പിനായി ദുരുപയോഗപ്പെടുത്തിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.