ഇടയിലക്കാട് നിത്യഹരിത വനത്തിലെ വാനരപ്പടക്ക് ഓണസദ്യ
text_fieldsതൃക്കരിപ്പൂർ: ചിങ്ങവെയിലിന്റെ പ്രഭയിൽ കാവിനോരം ചേർന്ന് വാനരപ്പടക്ക് വിഭവസമൃദ്ധമായ സദ്യ. ഇടയിലക്കാട് കാവിലെ മുപ്പതോളം വരുന്ന വാനരന്മാർക്ക് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് സവിശേഷമായ സദ്യ ഒരുക്കിയത്.
ഓണസദ്യയുണ്ണാൻ റോഡരികിലൊരുക്കിയ ഡസ് ക്കുകളിൽ കുരങ്ങുപട നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. വാനരർക്ക് ഇരുപത് വർഷക്കാലം ചോറൂട്ടിയ അമ്മൂമ്മയായ ചാലിൽ മാണിക്കമ്മക്ക് അസുഖമായതിനാൽ നീട്ടി വിളിച്ച് വാനരനായകനെ വരുത്താൻ അവർ ഉണ്ടായില്ല. എങ്കിലും മാണിക്കമ്മ തന്നെ അവരുടെ വീട്ടിൽനിന്ന് ഉപ്പുചേർക്കാത്ത ചോറ് കുട്ടികൾക്ക് കൈമാറി. അവരുടെ വീട്ടിൽ വെച്ചു തന്നെയായിരുന്നു ഗ്രന്ഥശാല പ്രവർത്തകർ പഴവും പച്ചക്കറികളും മുറിച്ച് സദ്യയൊരുക്കം നടത്തിയത്. തുടർന്ന് കുട്ടികൾ വിഭവങ്ങളുമേന്തി, ഓണപ്പാട്ടുകൾ പാടി കാവരികിലെത്തി. പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരക്ക, പാഷൻ ഫ്രൂട്ട്, സീതപ്പഴം, മാങ്ങ, കാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം, നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറുമായിരുന്നു പതിനേഴ് വിഭവങ്ങളായി വാഴയിലയിൽ നിരത്തിയത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ തന്നെ വെള്ളവും നൽകി.
സിനിമ ഷൂട്ടിങ്ങിന്റെ തിരക്കിനിടയിലും നടൻ പി.പി. കുഞ്ഞികൃഷ്ണനും കുട്ടികൾക്കൊപ്പം കുരങ്ങൻമാർക്ക് വിഭവങ്ങൾ വിളമ്പി. ഓണം സഹജീവികൾക്കു കൂടിയുള്ളതാണ് എന്നതിന്റെ ഓർമപ്പെടുത്തലുമായി മാറി കൗതുകം നിറഞ്ഞ സദ്യ.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ, ഗ്രന്ഥാലയം സെക്രട്ടറി വി.കെ. കരുണാകരൻ, പ്രസിഡന്റ് കെ. സത്യവ്രതൻ, ബാലവേദി കൺവീനർ എം. ബാബു, വി. റീജിത്ത്, വി. ഹരീഷ്, എം. ഉമേശൻ, പി.വി. സുരേശൻ, സി. ജലജ, സ്വാതി സുജീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.