യാത്രക്കാർ പ്രതീക്ഷയിൽ; റെയിൽ മേൽപാല നിർമാണം തുടങ്ങുന്നു
text_fieldsതൃക്കരിപ്പൂർ: മണ്ഡലത്തിൽ റെയിൽവേ പാളം പകുക്കുന്ന മേഖലകൾ ബന്ധപ്പെടുത്തി പ്രഖ്യാപിക്കപ്പെട്ട അഞ്ചു റോഡ് മേൽപാലങ്ങളിൽ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ രണ്ടെണ്ണം പ്രവൃത്തി ആരംഭിക്കുന്നു. സൗത്ത് തൃക്കരിപ്പൂർ രാമവില്യം, ഒളവറ ഉളിയം റെയിൽവേ ഗേറ്റുകൾക്ക് മുകളിലൂടെയുള്ള പുതിയ റെയിൽ മേൽപാലങ്ങളുടെ പ്രവൃത്തി ഈമാസം 26ന് ആരംഭിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അറിയിച്ചു.
രണ്ട് പാലങ്ങൾക്കും യഥാക്രമം 31 കോടി രൂപവീതമാണ് അനുവദിച്ചിട്ടുള്ളതെന്നും എം.പി അറിയിച്ചു. ഗതാഗതം വളരെ കുറവായ ഉപറോഡുകളിലാണ് ഈ പാലങ്ങൾ. പ്രധാനപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തൃക്കരിപ്പൂർ ബീരിച്ചേരി, വെള്ളാപ്പ് റോഡ്, പടന്നയിലെ ഉദിനൂർ മേൽപാലങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരം ലഭ്യമായിട്ടില്ല. റെയിൽവേയുടെ വിഷൻ 2020 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ അഞ്ചു മേൽപാലങ്ങളും നിർമിക്കേണ്ടത്.
തൃക്കരിപ്പൂർ ബീരിച്ചേരി മേൽപാലവുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് സമർപ്പിക്കുകയും സ്ഥലമെടുപ്പ് മൂന്നുമാസത്തിനകം ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ നേതൃത്വത്തിൽ അലൈൻമെന്റും വിശദ പരിശോധന റിപ്പോർട്ടും തയാറാക്കി ജില്ല ഭരണകൂടം റെയിൽവേക്ക് സമർപ്പിച്ചതാണ്. പി. കരുണാകരൻ എം.പിയായിരിക്കെ 2017 ജൂലൈ 22നാണ് ഡി.പി.ആർ തയാറാക്കിയത്.36.24 കോടിയാണ് മേൽപാലത്തിന്റെ ചെലവ് നിർണയിച്ചത്.
95 സെന്റ് ഭൂമിയാണ് പുതുതായി ഏറ്റടുക്കേണ്ടിവരുകയെന്നും കണ്ടെത്തിയിരുന്നു. 8.56 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചിട്ടുള്ളത്. ബാക്കി 28 കോടി രൂപയാണ് പാലത്തിന് ചെലവ്. 18 കെട്ടിടങ്ങൾ പൊളിച്ചുനീക്കി സൗകര്യം ഒരുക്കണമെന്നും കണ്ടെത്തിയിരുന്നു. കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരമായി 3.13 കോടി രൂപയും ഭൂമിക്ക് 4.5 കോടിയുമാണ് വേണ്ടിവരുന്നതായി കണ്ടെത്തിയത്.
നിലവിലുള്ള ഡി.പി.ആർ പ്രകാരം ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 10.2 മീറ്റർ വീതിയിലാണ് മേൽപാലം പണിയുക. ട്രാക്കിന് മുകളിലുള്ള 47 മീറ്റർ ഭാഗം റെയിൽവേ നേരിട്ട് നിർമിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 439 മീറ്റർ നീളമുളള പാലത്തിൽ 207 മീറ്റർ വൈ.എം.സി.എ ഭാഗത്തും 184 മീറ്റർ തൃക്കരിപ്പൂർ ഭാഗത്തുമാണ് നിർമിക്കുക. അതേസമയം, 80 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ മാത്രമേ ടെൻഡർ നടപടി തുടങ്ങുകയുള്ളൂവെന്ന് ഉപാധിവെച്ചിരുന്നു.തൃക്കരിപ്പൂരിൽ ഭൂമി ഏറ്റെടുക്കലിനുള്ള നടപടി എങ്ങുമെത്തിയില്ല. 2015ലെ റെയിൽവേ ബജറ്റിലാണ് ബീരിച്ചേരി മേൽപാലം അനുവദിച്ചത്.
2016ൽ വെളളാപ്പ് റോഡ്, ഉദിനൂർ എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കാൻ നടപടിയായി. 20 കോടി വീതമാണ് റെയിൽവേക്ക് കൈമാറുന്ന സംസ്ഥാനവിഹിതം. തൊട്ടുപിന്നാലെയാണ് ഒളവറ -ഉളിയം കടവ്, രാമവില്യം ഗേറ്റുകൾക്ക് മീതെ മേൽപാലം പണിയാൻ പ്രാരംഭ നടപടി ആരംഭിച്ചത്. കിഫ്ബിയിൽനിന്നുള്ള സാമ്പത്തികസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന 36 മേൽപാലങ്ങളിൽ നടപടി പൂർത്തിയാക്കിയവയിൽ ബീരിച്ചേരിയാണ് ആദ്യം.
പക്ഷേ, ബീരിച്ചേരി മേൽപാലം നിർമാണം ഒരടിപോലും മുന്നോട്ടുനീങ്ങിയില്ല. പടന്ന, പിലിക്കോട്, വലിയപറമ്പ, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ യാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റുകളിൽനിന്നുള്ള മോചനം ഉടനെയെങ്ങും സാധ്യമാകില്ലെന്നതാണ് ഇപ്പോഴത്തെ വിവരം. നിലവിൽ മേൽപാലം നിർദേശിക്കപ്പെട്ടിട്ടുള്ള ഉളിയം ഗേറ്റിൽനിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് ഇളംബച്ചിയിലെ നിർദിഷ്ട മേൽപാലം. ഇവിടെ അടിപ്പാതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.