മാലിന്യമെവിടെ? ഇവിടെ സ്നേഹാരാമങ്ങളാണ്
text_fieldsതൃക്കരിപ്പൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്നേഹാരാമം തീർത്ത് വിദ്യാർഥികൾ. സ്റ്റേഷന്റെ പിൻഭാഗത്തായി കാടുമൂടി മാലിന്യം നിക്ഷേപിക്കപ്പെട്ടുകിടന്ന വിസ്തൃതമായ സ്ഥലം വിവിധ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വളന്റിയർമാരുടെ സഹവാസ ക്യാമ്പിനോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്നേഹാരാമങ്ങളാക്കി മാറ്റിയത്.
തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, തായിനേരി എസ്.എ.ബി.ടി.എം ഹയർസെക്കൻഡറി സ്കൂൾ, പിലിക്കോട് സി.കെ.എൻ.എം ഹയർസെക്കൻഡറി സ്കൂൾ, കൈക്കോട്ടുകടവ് പി.എം.എസ്.എ.പി.ടി.എസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വളന്റിയർമാരുടെയും കോഓഡിനേറ്റർമാരുടെയും നേതൃത്വത്തിലാണ് ആരാമങ്ങൾ.
അധ്യാപകരുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും പിന്തുണകൂടി ലഭിച്ചപ്പോൾ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു പിൻഭാഗം കാട് വെട്ടിത്തെളിച്ച് ശുചിയാക്കി. നടപ്പാത മോടിപിടിപ്പിച്ച് വർണച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുനനച്ചു. ഇരിപ്പിടങ്ങളും ഊഞ്ഞാലുകളും ഒരുക്കി നാല് സ്നേഹാരാമങ്ങൾ നിർമിച്ചു. വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വയോജനങ്ങൾക്കും വിശ്രമിക്കാനുതകുന്നവയാണ് ഈ ആരാമങ്ങൾ.
നേരത്തെ തൃക്കരിപ്പൂർ ഇ.കെ. നായനാർ സ്മാരക പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് വളന്റിയർമാർ തൃക്കരിപ്പൂർ സെൻറ് പോൾസ് എ.യു.പി സ്കൂളിനും കാളീശ്വരം ക്ഷേത്രത്തിനും ഇടയിലുള്ള 200 ചതുരശ്ര അടി പ്രദേശത്തെ മാലിന്യം നീക്കംചെയ്തിരുന്നു. സ്നേഹാരാമങ്ങളുടെ ജില്ലതല സമർപ്പണം പിലിക്കോട് സി.കെ.എൻ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു.
ഇതര സ്നേഹാരാമങ്ങളുടെ ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ നിർവഹിച്ചു. വാർഡ് മെംബർ ഇ. ശശിധരൻ, പ്രിൻസിപ്പൽ ഇൻചാർജ് എസ്.എം. സന്തോഷ്, പ്രോഗ്രാം ഓഫിസർ കെ.വി. സമീർ, ഫായിസ് തൃക്കരിപ്പൂർ, സപ്ന ലത്തീഫ്, ഹാഫിസ് അസ്ലം, ടി. റമീസ്, സായ് ലാൽ കണ്ടോത്ത്, മഹബൂബ് റഹ്മാൻ, സജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.