റെയിൽ പാളത്തിൽനിന്ന് ലോട്ടറിക്കാരനെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ച് രാജൻ
text_fieldsതൃക്കരിപ്പൂർ: 'ട്രെയിൻ കുതിച്ചുവരുന്നത് അയാൾ കേൾക്കുന്നില്ല എന്നു തോന്നി, ഉടൻ ഓടിപ്പോയി പാളത്തിൽനിന്ന് അയാളെ ചേർത്തുപിടിച്ച് ഓടി, അന്നേരം ചെയ്യേണ്ടിയിരുന്നത് ചെയ്തു' -വിമുക്ത ഭടൻകൂടിയായ ഹോംഗാർഡ് ഇ. രാജന് സംഭവം ഓർക്കുമ്പോൾ ഇപ്പോഴും ഉൾക്കിടിലം.
ബീരിച്ചേരി ഗേറ്റ് പരിസരത്ത് ഡ്യൂട്ടിയിൽ ഇരിക്കെയാണ് ആളുകൾ വിളിച്ചു കൂവുന്നത് കേട്ടത്. അടച്ച ഗേറ്റിലൂടെ ഒരാൾ പാളം മുറിച്ചു കടക്കുന്നു. ഇൻറർസിറ്റി എക്സ്പ്രസ് വളരെ അടുത്തെത്തി. ആളുകൾ വിളിച്ചു കൂവിയിട്ടും മുന്നോട്ടു തന്നെ അയാൾ നടന്നു.
കേൾവി കുറവായ ലോട്ടറി വിൽപനക്കാരൻ ട്രെയിനിന്റെ ശബ്ദം കേട്ടതേയില്ല. ഒരുവശത്തേക്ക് പാളിനോക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഹോംഗാർഡ് രാജൻ റോഡിൽനിന്ന് ഗേറ്റ് ചാടിക്കടന്ന് പാളത്തിലെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ചന്തേര പൊലീസ് സ്റ്റേഷനിൽ ഹോംഗാർഡാണ് രാജൻ.1999 ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. തൃക്കരിപ്പൂർ തങ്കയം ചെറുകാനം സ്വദേശിയാണ്. വയോധികനെ സാഹസികമായി രക്ഷപ്പെടുത്തിയ ഹോംഗാർഡ് രാജനെ ചന്തേര പൊലീസ് അഭിനന്ദിച്ചു. ഇൻസ്പെക്ടർ പി. നാരായണൻ പൊന്നാടയണിയിച്ചു.
എ.എസ്.ഐമാരായ മനോജ്, സുധീർ, ഷൈലജ, ജനമൈത്രി ബീറ്റ് ഓഫിസർ സുരേശൻ കാനം, സിവിൽ പൊലീസ് ഓഫിസർമാരായ രമേശൻ, ഷിജിത്ത് പരിയാച്ചേരി, ശരണ്യ എന്നിവർ സംസാരിച്ചു. പി.ആർ.ഒ ടി. തമ്പാൻ സ്വാഗതവും രതീഷ് നാരായണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.