വലയിൽ കുടുങ്ങി തീരത്തടിഞ്ഞ കടലാമകളെ രക്ഷിച്ച് കടലിൽ വിട്ടു
text_fieldsതൃക്കരിപ്പൂർ: കടലിൽ ഉപേക്ഷിക്കപ്പെട്ട വലകളിൽ കുരുങ്ങി മൃതപ്രായരായി തീരത്തണഞ്ഞ കടലാമകൾക്ക് പ്രദേശവാസികളുടെ ഇടപെടൽ വഴി മോചനം. വലിയപറമ്പ പടന്നക്കടപ്പുറം ബീച്ചാരക്കടവ് തീരത്താണ് സംഭവം.
സംരക്ഷിത വിഭാഗത്തിൽപെടുന്ന ഒലീവ് റിഡ്ലി ഇനത്തിൽപെട്ട രണ്ടു കടലാമകളാണ് അവശനിലയിൽ തീരത്തടിഞ്ഞത്. കൈകാലുകളിൽ നേർത്ത വലക്കണ്ണികൾ വരിഞ്ഞുമുറുകിയ നിലയിലായിരുന്നു. ആമകളെ മലർത്തിവെച്ച് ഏറെനേരം പണിപ്പെട്ടാണ് വലക്കണ്ണികൾ നീക്കം ചെയ്തത്. ഇവ വല മുറുകി മുറിവേറ്റ നിലയിലാണ്.
അംഗഭംഗം ഉണ്ടായിട്ടില്ല. മീൻവലകളിൽ കുടുങ്ങിപ്പോകുന്ന ആമകളെ പലരും കാലുകൾ അറുത്തുമാറ്റി കടലിൽ ഉപേക്ഷിക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ അംഗഭംഗം വരുന്ന ആമകളും കരക്കടിയാറുണ്ട്. ഇവക്ക് നീലേശ്വരം നെയ്തലിൽ സംരക്ഷണം ഒരുക്കും. കാര്യമായ പരിക്കില്ലെങ്കിൽ കടലിൽ തന്നെ വിടുകയാണ് ചെയ്യുക. മീൻപിടിത്തക്കാർ ഉപേക്ഷിക്കുന്ന വലകൾ ഈ ജീവികൾക്ക് കടലിൽ തന്നെ മരണക്കെണിയാകുന്നു.
ശ്വസിക്കാൻ ഉപരിതലത്തിൽ വരുന്ന ആമകൾ മുകളിലേക്ക് തുഴയാനാവാതെ ശ്വാസംമുട്ടി മരിച്ചുപോവുന്നു. ആമകളുടെ മോചനത്തിന് വാർഡ് മെംബർ ഖാദർ പാണ്ട്യാല, പി. ശരീഫ്, അബ്ദുൽ മജീദ്, പി.വി. ഷാജു, റഹിൽ, റാഷിദ്, കെ. സുരേശൻ, കെ. ഷിഹാബ്, അബ്ദുല്ല, ബിജു, ഷൈജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.