ചവിട്ടുവണ്ടിയുടെ തൊട്ടപ്പന്മാർക്ക് റൈഡർമാരുടെ സ്നേഹാദരം
text_fieldsതൃക്കരിപ്പൂർ: മാടായിപ്പാറയുടെ താഴ്‌വരയിൽ മുട്ടം പള്ളിക്ക് മുന്നിലൂടെ കടന്നുപോകുന്ന ഒരു സൈക്ലിസ്റ്റും രാജു അണ്ണനെ കാണാതെ പോവില്ല. കെട്ടിടത്തിന്റെ ചായ്പിലെ സൈക്കിൾ ഷോപ്പിൽനിന്ന് ഒരു 'ഗുഡ് മോണിങ്' നിങ്ങളെ തേടിവന്നിരിക്കും. നാലുപതിറ്റാണ്ട് മുമ്പ് കർണാടകയിൽനിന്നാണ് ഇവിടെയെത്തിയത്. അന്ന് കാടുമൂടിയ പ്രദേശമായിരുന്നു.
ചെമ്മൺ പാതയോടുചേർന്ന് തന്റെ സൈക്കിൾ റിപ്പയറിങ് സ്ഥാപനം തുടങ്ങി. പിന്നെ അതായി ഉപജീവനം. തൊഴിൽ മേഖല പലവിധ പ്രതിസന്ധികളിൽ ആടിയുലഞ്ഞപ്പോഴും കൈവിട്ടില്ല. വാടകസൈക്കിൾ പൂർണമായും നിലച്ചപ്പോൾ റിപ്പയർ മാത്രമായി ആശ്രയം. ഒരുവീട്ടിൽ ഒരുസൈക്കിൾ എന്നത് മാറി ആളെണ്ണം സൈക്കിളായി. പിന്നെ കടകൾക്കുവേണ്ടി സൈക്കിൾ ഫിറ്റ് ചെയ്തുനൽകി. സൈക്ലിസ്റ്റുകൾ ഉപയോഗിക്കുന്നവ റിപ്പയർ ചെയ്യാൻ പ്രത്യേക ഉപകരണങ്ങൾ വേണം. വില താങ്ങാൻ പറ്റാത്തതിനാൽ ആ വഴിക്ക് പോയില്ല. എങ്കിലും പിടിച്ചുനിൽക്കുന്നു.
ലോക സൈക്കിൾ ദിനത്തിൽ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് രാജു അണ്ണനെ ഫലകവും പൊന്നാടയും നൽകി ആദരിച്ചു. 1978 മുതൽ തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ സൈക്കിൾ ഷോപ് നടത്തുന്ന ഗംഗാധരൻ, തൃക്കരിപ്പൂർ ടൗണിൽ മിനി സ്റ്റേഡിയം പരിസരത്ത് സൈക്കിൾ ഷോപ് നടത്തുന്ന ഗോപി എന്നിവരെയും ആദരിച്ചു. ഭാരവാഹികളായ സജിൻ കോറോം, അശ്വിൻ പെരളം, അരുൺ ഫോട്ടോഫാസ്റ്റ്, അർജുൻ കുഞ്ഞിമംഗലം, മുഹമ്മദലി കുനിമ്മൽ, അബ്ദുല്ലക്കുട്ടി റോയൽ ഡെക്കർ, ഡോ. എ.വി. മധുസൂദനൻ, ഡോ. ജയകൃഷ്ണൻ, എം.സി. ഹനീഫ, ഫൈസൽ സലാം, അനൂപ് കല്ലത്ത്, രജിത്ത് കുഞ്ഞിമംഗലം, അഖിൽ തൃക്കരിപ്പൂർ, കെ.വി. ഷാജി, ടി.എം.സി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.