കായൽ മണലൂറ്റ്; വലിയപറമ്പ തീരം കടൽ കവരുന്നു
text_fieldsതൃക്കരിപ്പൂർ: കടലാക്രമണവും കായലിൽനിന്നുള്ള മണൽ വാരലും വലിയപറമ്പ പഞ്ചായത്തിനെ പരിസ്ഥിതി ദുരന്തത്തിലേക്ക് നയിക്കുന്നു. മുമ്പെങ്ങും ഇല്ലാത്തവിധം പഞ്ചായത്തിെൻറ തീരങ്ങളിൽ കരയിടിച്ചിൽ അനുഭവപ്പെടുകയാണ്. അറബിക്കടലും കവ്വായിക്കായലും അതിരിടുന്ന 24 കിലോമീറ്റർ ദൈർഘ്യമുള്ള പഞ്ചായത്തിെൻറ ശരാശരി വീതി 800ൽനിന്ന് 600 മീറ്ററായി കുറഞ്ഞതായി ദ്വീപ് പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.
പോർട്ട് ഓഫിസർ നൽകുന്ന മണൽവാരൽ പാസുകളുടെ മറവിൽ പതിന്മടങ്ങ് മണൽ കവ്വായിക്കായലിൽനിന്നും മാവിലാക്കടപ്പുറം അഴിമുഖത്തുനിന്നും കടത്തിക്കൊണ്ടുപോകാറുണ്ട്. ഇതിനെതിരെ പരിസ്ഥിതി സംരക്ഷണ സമിതി സമരപ്രഖ്യാപനം നടത്തിയിരുന്നു. പിന്നീട് തീരദേശ ഹർത്താലും സംഘടിപ്പിച്ചു. ഓരോ വാർഡിലും പ്രാദേശിക സമിതികൾ ഉണ്ടാക്കിയിട്ടും മണലെടുപ്പ് തുടർന്നു. ദ്വീപിെൻറ വടക്കറ്റമായ മാവിലാക്കടപ്പുറം അഴിമുഖത്തുനിന്നാണ് നിത്യവും മണൽ കടത്തുന്നത്. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽ കോരിയെടുക്കുന്നതോടെ ദ്വീപിെൻറ പടിഞ്ഞാറൻതീരത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഒട്ടേറെ കായ്ഫലമുള്ള തെങ്ങുകൾ കടലെടുത്തതായി തീരവാസികൾ പറയുന്നു.
ഇടയിലക്കാട് പാലത്തിെൻറ പടിഞ്ഞാറ് ഭാഗത്താണ് നാശനഷ്ടം കൂടുതൽ ഉണ്ടായിട്ടുള്ളത്. തീരത്തെ സംരക്ഷിക്കുന്ന കൂറ്റൻ മണൽതിട്ടയാണ് കടലെടുത്തത്. ഇവിടെ നിരവധി തെങ്ങുകൾ ഒലിച്ചുപോയി.
തീരത്തെ മണൽതിട്ട പത്തടിയിലേറെ ഇടിഞ്ഞിട്ടുണ്ട്. കടൽ ഭിത്തി പോലും ഇല്ലാത്ത മേഖലകളാണ് പഞ്ചായത്തിെൻറ പടിഞ്ഞാറൻ തീരം. ഒരുവശത്ത് മണൽ ഊറ്റിയെടുക്കുമ്പോൾ തീരജനതക്ക് പകരം നൽകേണ്ടിവരുന്നത് അവരുടെ കിടപ്പാടം തന്നെയാണ്. ജനകീയ കൺെവൻഷൻ ചേർന്ന് ജില്ല കലക്ടറെ കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് പ്രദേശത്ത് പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. പിന്നെ തുടർനടപടികൾ ഒന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.