സീനിയർ ഫുട്ബാൾ; കാസർകോട് ജില്ലക്കിത് മൂന്നാം കിരീടം
text_fieldsതൃക്കരിപ്പൂർ: സംസ്ഥാന സീനിയർ ഫുട്ബാൾ കിരീടത്തിൽ ജില്ല മുത്തമിടുന്നത് മൂന്നാം തവണ. തൃക്കരിപ്പൂർ സ്വദേശി കെ.മുഹമ്മദ് സാബിത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് കിരീടവുമായി മടങ്ങിവരുന്നത്.
2005 ലാണ് ജില്ല ആദ്യമായി സെമിയിലെത്തുന്നത്. പിന്നീട് 2012 ലും 2013 ലും സീനിയർ ഫുട്ബാൾ ഫൈനലിൽ ബെർത്ത് നേടിയ ജില്ല 2013 ലാണ് ആദ്യ കിരീടം സ്വന്തമാക്കിയത്. നേരത്തേ രണ്ടുസെമികളിൽ മലപ്പുറത്തോട് തോറ്റ ജില്ല ഇക്കുറി മലപ്പുറത്തെ മലർത്തിയടിച്ചാണ് കളംവിട്ടത്.2016 ലായിരുന്നു ജില്ലയുടെ രണ്ടാം കിരീടനേട്ടം. പത്തനംതിട്ടയെ മറുപടിയില്ലാത്ത അഞ്ചുഗോളിനും കണ്ണൂരിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ജില്ല സെമിയിൽ കടന്നത്.
സെമിയിൽ കരുത്തരായ കോട്ടയത്തെ ഒന്നിനെതിരെ രണ്ടുഗോളുകളിൽ തളച്ചാണ് ഫൈനലിൽ എത്തിയത്. 'പാരമ്പര്യ' വൈരികളായ മലപ്പുറത്തെ കെ.പി.ഇനാസിന്റെ ഗോളിൽ തറപറ്റിച്ചാണ് കിരീടം ചൂടിയത്. ടൂർണമെന്റിലെ ജില്ലയുടെ ടോപ് സ്കോററും മൂന്നുഗോൾ നേടിയ ഇനാസാണ്.
ജ്യോതിഷും ആകാശ് രവിയും ഫാസിലും രണ്ടുവീതം ഗോളുകൾ നേടിയപ്പോൾ റാഷിദും അക്ഷയ് മണിയും ഓരോ ഗോൾ നേടി. തൃക്കരിപ്പൂർ ഒളവറ സ്വദേശി ശസിൻ ചന്ദ്രനാണ് പരിശീലകൻ. ടീം മാനേജർ നവാസ് കാസർകോടും ഫിസിയോ അദ്നാനും മികച്ച പിന്തുണയേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.