ഷജ്റീൽ ഇനി ‘സൂപ്പർ റോഡണർ’
text_fieldsതൃക്കരിപ്പൂർ: റോഡ് സൈക്ലിങ്ങിൽ യുവവ്യാപാരിയുടെ നേട്ടം അഭിമാനമായി. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രവർത്തകസമിതിയംഗം പേക്കടം സ്വദേശി എൻ. മുഹമ്മദ് ഷജ്റീലാണ് ‘സൂപ്പർ റോഡണർ’ നേട്ടം കൈവരിച്ചത്. ഫ്രാൻസിലെ ഓഡാക്സ് ക്ലബ് പാരിസിയൻ എന്ന അന്തർദേശീയ സൈക്ലിങ് ബോഡിയാണ് നിബന്ധനകളോടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ഓഡാക്സ് ഇന്ത്യ റോഡണഴ്സ് ആണ് മത്സരം നടത്തുന്ന ഏജൻസി. 200, 300, 400, 600 കിലോമീറ്റർ എന്നിങ്ങനെയുള്ള ‘ബ്രവേ’കളായാണ് മത്സരം സംഘടിപ്പിക്കുന്നത്. നവംബറിൽ തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന സൈക്ലിങ് വർഷത്തിൽ നാല് ബ്രവേകൾ പൂർത്തിയാക്കുന്നവർക്കാണ് ‘സൂപ്പർ റോഡണർ’ പദവി ലഭിക്കുന്നത്. മൈസൂരിൽനിന്ന് പുതുച്ചേരിവരെയുള്ള 600 കിലോമീറ്റർ ബ്രവേ കേവലം 25.09 മണിക്കൂർ കൊണ്ടാണ് ഷജ്റീൽ പൂർത്തിയാക്കിയത്. 400 ബ്രവേ 16.05 മണിക്കൂറിലും 300 ബ്രവേ 13.44 മണിക്കൂറിലും 200 ബ്രവേ 9.20 മണിക്കൂറിലും പൂർത്തിയാക്കി.സൂപ്പർ റോഡണർ ആയതോടെ ഇന്ത്യയിലും വിദേശങ്ങളിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഷജ്റീലിന് സാധിക്കും. സൈക്കിൾ പഞ്ചറായാൽ നന്നാക്കലും ട്യൂബ് മാറ്റണമെങ്കിൽ അതും പങ്കെടുക്കുന്ന വ്യക്തി ചെയ്യണം. സൈക്കിളോട്ടത്തിൽ പങ്കെടുക്കുന്നവരൊഴികെ മറ്റാരുടെയും സഹായം കൈക്കൊള്ളരുത് എന്നാണ് നിബന്ധന. ബംഗളൂരു അഡോറ ഹോട്ടൽ മാനേജിങ് ഡയറക്ടറാണ് ഷജ്റീൽ. എലൈറ്റ് മുസ്തഫ-എൻ. ഫൗസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഖൈറ, ഹാദി ഹംസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.