സംസ്ഥാന യൂത്ത് ഫുട്ബാൾ: മനംകവർന്ന് കാസർകോട് ജില്ലയുടെ താരങ്ങൾ
text_fieldsതൃക്കരിപ്പൂർ: ഫുട്ബാളിൽ ജില്ലയുടെ യശസ്സുയർത്തി പ്രതിഭയുടെ മിന്നലാട്ടം. ജില്ല ഫുട്ബാൾ അസോസിയേഷൻ രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ സംഘടിപ്പിച്ച രണ്ട് സംസ്ഥാന ചാമ്പ്യൻഷിപ്പുകളുടെ മികവ് യുവതാരങ്ങൾ അവരുടേത് കൂടിയാക്കി. സംസ്ഥാന യൂത്ത് ഫുട്ബാളിൽ കൊല്ലത്തെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് കാസർകോട് സെമിയിൽ കടന്നത്.
അബ്ദുൽ കരീമും അഹമദ് അൻഫാസും ഗൗതമും ആണ് കൊല്ലത്തിെന്റ ഗോൾവല നിറച്ചത്. മികച്ച കളിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് ഗൗതമാണ്. എറണാകുളത്തെയാണ് സെമിയിൽ തോൽപ്പിച്ചത്. ടീം ഗെയിം ആണ് സെമിയിലും ജില്ലക്ക് തുണയായത്. കൂട്ടായ്മയുടെ വിജയഗോൾ പിറന്നത് അഹമദ് അൻഫാസിെന്റ ബൂട്ടിൽനിന്ന്.
മികച്ച ഡ്രിബ്ലിങ്, പന്ത് കൈമാറ്റം, ടൈമിങ് എന്നിവയിൽ ജില്ലയുടെ കുട്ടികൾ കൈയടി നേടി. ഈ ടീമിൽനിന്ന് ചുരുങ്ങിയത് അരഡസൻ പേരെങ്കിലും അടുത്ത സ്റ്റേറ്റ് ക്യാമ്പിൽ ഉണ്ടാകുമെന്നാണ് ഫുട്ബാൾ നിരീക്ഷകരുടെ വിലയരുത്തൽ. ഫൈനലിൽ അഹമദ് അൻഫാസും ഗൗതമുമാണ് ഗോളുകൾ നേടിയത്. ആരോമൽ, പാർഥിവ് മികച്ച പിന്തുണയേകി.
സീസണിൽ എട്ട് ഇവന്റുകളാണ് നടന്നത്. ഇവയിൽ ഒരു ചാമ്പ്യൻഷിപ്പും നാല് മൂന്നാംസ്ഥാനവുമാണ് ജില്ലയുടെ നേട്ടം. ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ ദൗർഭാഗ്യം കൊണ്ടാണ് ജില്ല ലൂസേഴ്സ് ഫൈനലിൽ എത്തിയത്.
വിവിധ ആൺ, പെൺ വിഭാഗങ്ങളിൽ ജില്ലയുടെ താരങ്ങൾ സ്റ്റേറ്റ് ടീമിന്റെ ഭാഗമായി. ജൂനിയർ ബോയ്സിൽ ക്യാപ്റ്റൻ ഉൾപ്പടെ മൂന്നുപേർ ജില്ലയിൽ നിന്നുള്ളവരാണ്. യൂത്ത് ഫുട്ബാൾ സമാപന ചടങ്ങിൽ കണ്ണുർ റൂറൽ എ.എസ്.പി ടി.പി. രഞ്ജിത്ത് സമ്മാനദാനം നടത്തി. ഡി.എഫ്.എ പ്രസിസന്റ് വീരമണി ചെറുവത്തൂർ അധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, കെ.എഫ്.എ എക്സിക്യുട്ടീവ് മെംബർ എ.കെ. ഷെരിഫ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം രഘുനാഥ്, ഡി.എഫ്.എ ട്രഷറർ അഷ്റഫ് ഉപ്പള, എംപയർ ഗ്രൂപ് ചെയർമാൻ കെ.പി.സി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ഡി.എഫ്.എ സെക്രട്ടറി ടി.കെ. മുഹമ്മദ് റഫീഖ് സ്വാഗതവും ജോ.സെക്രട്ടറി സി.വി. ഷാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.