കെട്ടിടം അപകടാവസ്ഥയിൽ; തൃക്കരിപ്പൂരിലെ എ.ബി.സി കേന്ദ്രം പ്രവർത്തനരഹിതം
text_fieldsതൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ അനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി) കേന്ദ്രം പ്രവർത്തനരഹിതമായി. കോയോങ്കരയിൽ മൃഗാശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന് ഫണ്ടിന്‍റെ കുറവും കെട്ടിടത്തിന്‍റെ അപകടാവസ്ഥയും തിരിച്ചടിയായി. പഴയ മൃഗാശുപത്രി കെട്ടിടത്തിൽ നായ്ക്കളെ പാർപ്പിക്കാൻ സൗകര്യം ഒരുക്കിയാണ് കേന്ദ്രം ആരംഭിച്ചത്.
എന്നാൽ വെറ്ററിനറി സർജൻ, തൊഴിലാളികൾ എന്നിവർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ മരം പൊട്ടിവീണ് ഓടുമേഞ്ഞ മേൽക്കൂര തകർന്നിരിക്കുകയാണ്. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണിത്. 2021 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലായി 8948 നായ്ക്കളെ വന്ധീകരിച്ചിരുന്നു. ഇതിന്‍റെ ഗുണഫലം ഇല്ലാതാക്കുന്ന രീതിയിലാണ് പിന്നീട് അവഗണന ഉണ്ടായത്.
പിടികൂടുന്ന നായ്ക്കളുടെ എണ്ണവും സ്ഥലവും വാർഡ് ഉൾപ്പടെ രേഖപ്പടുത്തി വെക്കുന്നുണ്ട്. 2016 ലാണ് എ.ബി.സി.കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും ജില്ല പഞ്ചായത്തിന്റെയും ഫണ്ടുകൾ ഉപയോഗിച്ചാണ് ആവർത്തന ചെലവുകൾ നിർവഹിക്കുന്നത്. വന്ധീകരണത്തിന് വിധേയരാക്കുന്ന നായ്ക്കൾക്ക് പേവിഷബാധക്കെതിരായ കുത്തിവെപ്പും നൽകുന്നുണ്ട്.
തെരുവുനായ്ക്കളെ വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് പിടികൂടി കേന്ദ്രത്തിൽ വന്ധീകരിച്ച് മുറിവ് ഭേദമാകുന്നത് വരെ കൂടുകളിൽ സംരക്ഷിക്കുന്നു. പിടികൂടിയ സ്ഥലത്തുതന്നെ പിന്നീട് തിരികെ തുറന്നുവിടുന്നതാണ് രീതി.
പട്ടിപിടിത്തക്കാരുടെയും ശസ്ത്രക്രിയ നടത്തുന്ന വെറ്ററിനറി സർജന്റെയും ചെലവുകൾ ഉൾപ്പടെ 2000 രൂപയാണ് നായ ഒന്നിന് വന്ധീകരണത്തിന് വേണ്ടിവരുന്ന ചെലവ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കാൻ കാലതാമസം നേരിടുന്നത് പലപ്പോഴും പദ്ധതി നടത്തിപ്പിന് പ്രയാസമുണ്ടാക്കുന്നു.
അതേസമയം പദ്ധതിക്കായി കാലേക്കൂട്ടി ഫണ്ട് നീക്കിവെക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. ലക്ഷക്കണക്കിന് രൂപ ഈയിനത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ കുടിശ്ശികയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.