‘ലേഡീസ് ഓൺലി’യായി പെണ്ണുങ്ങൾ അരങ്ങേറി
text_fieldsതൃക്കരിപ്പൂർ: അധ്യാപികമാർ മാത്രമായി നാടകം കളിച്ചാലെന്താ? അങ്ങനെയൊരു ആശയത്തിൽ നിന്നാണ് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ അധ്യാപികമാർ ‘ലേഡീസ് ഓൺലി’ രംഗവത്കരിച്ചത്. സമൂഹത്തിന് നല്ല സന്ദേശം പകരുന്ന ഒരു നാടകമൊരുക്കിയതോടെ നാടകഗ്രാമമായ ഉദിനൂർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പഴയകാലത്ത് സ്കൂൾ വാർഷികാഘോഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നാടകങ്ങൾ ഇന്ന് ഏറക്കുറെ അസ്തമിച്ച സാഹചര്യത്തിലാണ് ഈ വീണ്ടെടുപ്പ്.
വിദ്യാലയത്തിന്റെ 88ാം വാർഷികാഘോഷ വേദിയിൽ പത്ത് അധ്യാപികമാർ ചേർന്ന് അവതരിപ്പിച്ച നാടകം ‘ലേഡീസ് ഓൺലി’ സ്ത്രീ ശക്തിയുടെ നേർകാഴ്ചയായി. ഉദിനൂർ സെൻട്രൽ സ്കൂളിലെ പൂർവവിദ്യാർഥിയായ പ്രസാദ് കണ്ണോത്ത് സംവിധാനം ചെയ്ത നാടകത്തിന്റെ രചന നിർവഹിച്ചത് വിദ്യാലയത്തിലെ തന്നെ അധ്യാപിക ടി. ബിന്ദുവാണ്.
കാഴ്ചയുടെ രസച്ചരട് പൊട്ടാതെ പെൺജീവിതങ്ങളുടെ നൊമ്പരക്കാഴ്ചകൾ ഇതിവൃത്തമാക്കുന്ന നാടകം കാണികളുടെ ഹൃദയം തൊടുന്നതായിരുന്നു. പല തുറകളിൽ ജീവിക്കുന്ന സ്ത്രീകൾ ജീവിത പ്രയാസങ്ങൾക്കിടയിലും തെല്ല് സന്തോഷം കണ്ടെത്തുമ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികൾ അനാവൃതമാകുന്ന ഹണിഹർഷന്റെ ‘ലേഡീസ് ഓൺലി ട്രിപ്പ്’ എന്ന കവിതയാണ് നാടകത്തിന് ആധാരം. ദിജുലാൽ പശ്ചാത്തല സംഗീതം നിർവഹിച്ച നാടകത്തിൽ നാടക രചയിതാവായ ടി. ബിന്ദുവിന് പുറമെ വിദ്യാലയത്തിലെ തന്നെ അധ്യാപികമാരായ സി.എം. ബിന്ദു, എം.കെ. സീമ, കെ.ഇ. ശ്രീലത, പി.വി. ശ്രീപാർവതി, സി. അശ്വിനി, പി.വി. രേഷ്മ, എ. രേഷ്മ, കെ.പി. അനീഷ, അപർണ ബിജു എന്നിവർ അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.