കഥാപാത്രം മുന്നിലിരുന്ന് ആസ്വദിച്ചു, ‘കഥയറിയാതെ’കഥാകാരൻ
text_fieldsതൃക്കരിപ്പൂർ: യഥാർഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ കഥ എഴുത്തുകാരൻ അവതരിപ്പിച്ചപ്പോൾ മുന്നിലിരുന്ന് ആസ്വദിച്ച് കഥാനായകൻ. മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയം വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥസായാഹ്നം കഥാകാരന്റെയും കഥാപാതത്തിന്റെയും സാന്നിധ്യം കൊണ്ട് വേറിട്ടതായി.
കവിയും അധ്യാപകനുമായ പെരളത്തെ ധനേശൻ മാസ്റ്റർ തന്റെ സ്കൂളിൽ കുട്ടികളെ ചേർക്കാൻ ഈയ്യക്കാട് വൈക്ക് ഭാഗത്ത് ഇറങ്ങിയപ്പോൾ ഏറെ സവിശേഷതകൾ നിറഞ്ഞ ഒരു പയ്യനെ കണ്ടുമുട്ടി. വൈരുധ്യ സ്വഭാവങ്ങളുടെ സമ്മിശ്രമായ പയ്യനെക്കുറിച്ച് കുറച്ച് വർഷങ്ങൾക്കുശേഷം ധനേശൻ മാസ്റ്റർ എഴുതി. പബ്ജി ഗെയിമിന് അടിപ്പെട്ട കുട്ടി അധ്യാപകന്റെ സ്നേഹസമ്പന്നമായ ഇടപെടലിലൂടെ സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമാകുന്ന യഥാർഥ സംഭവമാണ് പ്രമേയം.
കുറേ വർഷങ്ങൾക്കുശേഷം ഇതേ കഥ അവതരിപ്പിക്കാൻ ചൂരിക്കാടൻ വായനശാലയിൽ എത്തിയ എഴുത്തുകാരൻ തന്റെ കഥാപാത്രം തൊട്ട് മുന്നിലിരിക്കുന്നത് അറിയാതെ കഥ അവതരിപ്പിച്ചു. കഥ കേട്ട് ശ്രോതാക്കളുടെ കണ്ണ് നിറയുമ്പോൾ കഥാപാത്രമായ വൈക്കത്തെ അമൽ രാജ് വേദിയിലിരുന്ന് ചിരിക്കുകയായിരുന്നു. അന്നത്തെ എട്ടാം ക്ലാസുകാരൻ ഇന്ന് ഉത്തരവാദിത്തത്തോടെ കുടുംബം നോക്കുന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞ കഥാകാരന്റെ കണ്ണുനിറഞ്ഞു.
ഓൺലൈൻ ഗെയിമിൽ അകപ്പെട്ട അമൽരാജിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ധനേശൻ മാസ്റ്റർ പഠന പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടുന്നതാണ് കഥ. അന്ന് ചന്ദനത്തിരി നിർമാണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽരാജ് തന്റെ തിരി മുഴുവനും സുഹൃത്തിന് നൽകുകയും അവന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ പ്രമേയമാക്കി രചിച്ച കഥയാണ് അഗർബത്തി. മത്സരം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സുഹൃത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത് സന്തോഷിക്കുന്ന അവന്റെ മനസ്സാണ് കഥയുടെ പ്രേരകം.
ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണൻ, വി.എം. മധുസൂദനൻ, വി.എം. സതീശൻ, യുവത കൺവീനർ പി. സന്ദീപ്, ലൈബ്രേറിയൻ ടി. ബീന, സെക്രട്ടറി പി. രാജഗോപാലൻ, ടി.ടി. തമ്പായി, ജീന ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.