ബീരിച്ചേരി അന്നത്തെ ‘വീരചേരി’
text_fieldsതൃക്കരിപ്പൂർ: പുരാതന തറവാടുകളുടെ ഗതകാലം തേടിപ്പോകുമ്പോൾ വെളിപ്പെടുന്നത് കൗതുകകരമായ ചരിത്രം. ആരാധനാലയങ്ങളുടെ നിർമാണവും പരിപാലനവും പൂർവസൂരികളായ പണ്ഡിതരുടെ ജീവിതവുമൊക്കെ ഇഴചേർന്നതാണ് ഇവയുടെ ചരിത്രം.
സ്ഥല നാമങ്ങൾക്കുണ്ടായ പരിണാമവും രസകരമാണ്. വൾവക്കാട് നാലുപുരപ്പാട് തറവാട് ചരിത്രത്തിനായി വിവരശേഖരണം ആരംഭിച്ചപ്പോൾ വെളിപ്പെടുന്നത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത പുരാവൃത്തമാണ്. തൃക്കരിപ്പൂർ ബീരിച്ചേരി ജുമാമസ്ജിദിന്റെ നിർമാണം 1293ലായിരുന്നുവെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. 18ാം നൂറ്റാണ്ടിന്റെ അവസാനം മലബാർ ദർശിച്ച മഹാപണ്ഡിതനായിരുന്നു ഖാദി അബ്ദുല്ല ഹാജി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ചരിത്രശേഷിപ്പുകൾ സംരക്ഷിച്ച് പുനർനിർമിച്ച ജില്ലയിലെ രണ്ടാമത്തെ വലിയ മസ്ജിദാണ് ബീരിച്ചേരി ജുമാമസ്ജിദ്. ആദ്യത്തേത് തളങ്കര മാലിക് ദീനാർ ജുമാമസ്ജിദാണ്.
‘വീരചേരി’ എന്നായിരുന്നു അന്ന് ബീരിച്ചേരി അറിയപ്പെട്ടിരുന്നത്. 1906ൽ രജിസ്റ്റർ ചെയ്ത വസ്തുവിന്റെ ആധാരത്തിൽ വീരചേരി എന്നാണ് സ്ഥലനാമം ചേർത്തിട്ടുള്ളത്. വീരന്മാർ പാർക്കുന്ന പ്രദേശം എന്നുള്ള അർഥത്തിലാണ്. പിന്നീട് വാമൊഴിയിൽ ബീരിച്ചേരിയായി പരിണമിക്കുകയായിരുന്നു. അതുപോലെ തൃക്കരിപ്പൂരിലെ തങ്കയം നേരത്തെ ‘സങ്കേത’മായിരുന്നു. പടന്ന വലിയ ജുമാമസ്ജിദിനും ബീരിച്ചേരി മസ്ജിദിന്റെ അത്രതന്നെ പ്രായമുണ്ട്. 1341ൽ നിർമിച്ച പടന്ന ജുമാമസ്ജിദിന് 683 വർഷത്തെ ചരിത്രമുണ്ട്.
ഇന്ന് വയസ്സ് 683 !ഇന്ന് വയസ്സ് 683 !
അക്കാലത്തെ മഹാപ്രളയവുമായി ബന്ധപ്പെട്ടാണ് പടന്നപ്പള്ളിയുടെ കാലഗണന സാധ്യമായത്. വെള്ളപ്പൊക്കത്തിൽ ഒഴുകിവന്ന വന്മരങ്ങള് എന്തുചെയ്യണം എന്ന ആലോചനയില്‍നിന്നാണ് ആ മരങ്ങള്‍ അടിഞ്ഞിടത്ത് മസ്ജിദ് നിർമിക്കാൻ തീരുമാനമുണ്ടായത്. അന്ന് പടന്നയിലുണ്ടായിരുന്ന നാല് കുടുംബങ്ങളാണ് ഈ തീരുമാനമെടുക്കുന്നത്.
കേരളത്തെ ആകെ പിടിച്ചുലച്ച 1341ലെ വെള്ളപ്പൊക്കം പടന്നയുടെ ഭൂമിശാസ്ത്രത്തേയും സാരമായി ബാധിച്ചു. കവ്വായിക്കായല്‍ രൂപപ്പെട്ടതും പടന്നപ്പുഴയില് വടക്കേക്കാട്, തെക്കേക്കാട് എന്നിങ്ങനെ രണ്ട് ദ്വീപുകളുണ്ടായതും അങ്ങനെയാണ്. ആ വെള്ളപ്പൊക്കമാണ് പടന്നയിൽ ആദ്യത്തെ മസ്ജിദ് ഉയരാൻ കാരണമായതും. ഇന്നത്തെ വലിയ ജുമാമസ്ജിദ് ആദ്യത്തെ പള്ളിയുടെ എത്രാമത്തെ പുതുക്കിയ രൂപമാണ് എന്നത് വ്യക്തമല്ല. 1958ല്‍ പണികഴിപ്പിച്ചതാണ് നിലവിലുള്ള പളളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.