വീണ ഉത്തരകേരളത്തിലെ പ്രഥമ വനിത 'സൂപ്പർ റോഡണർ'
text_fieldsതൃക്കരിപ്പൂർ: കുടുംബജീവിതത്തിലേക്ക് കടന്നാൽ സ്വപ്നങ്ങൾക്ക് അവധികൊടുക്കുന്ന വനിതകൾക്കിടയിൽ വേറിട്ട സാന്നിധ്യമാവുകയാണ് തൃക്കരിപ്പൂർ ഇയ്യക്കാട്ടെ വീണ കോടിയത്ത്. സൈക്ലിസ്റ്റുകളുടെ സ്വപ്നമായ 'സൂപ്പർ റോഡണർ' പദവി എത്തിപ്പിടിച്ചിരിക്കുകയാണ് ഈ വീട്ടമ്മ. ഉത്തര മലബാറിൽ നിന്ന് ആദ്യമായി എസ്.ആർ നേട്ടം കൈവരിക്കുന്ന വനിതയാണ് വീണ.
തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് കൂട്ടായ്മയിലൂടെ ഒരുവർഷം മുമ്പാണ് സൈക്ലിങ് ആരംഭിച്ചത്. സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന ഈ മേഖലയിൽ എത്തിയപ്പോൾ ഇവരുടെ ദിനചര്യയുടെ ഭാഗമായി സൈക്ലിങ് മാറി. യാത്രകളിൽ ക്ലബിന്റെയും കുടുംബത്തിന്റെയും പിന്തുണ കൂടി ലഭിച്ചതോടെ ദീർഘദൂര ബി.ആർ.എമ്മുകളിൽ പങ്കെടുത്തു തുടങ്ങി. മൂന്നുവയസ്സുകാരന്റെ അമ്മ കൂടിയായ വീണ 200, 300, 400, 600 കിലോമീറ്റർ റൈഡുകൾ ഇക്കഴിഞ്ഞ സൈക്ലിങ് വർഷത്തിൽ വിജയകരമായി പൂർത്തിയാക്കി.
ദേശാന്തര സൈക്ലിങ് സംഘാടകരായ ഓഡാക്സ് ഇന്ത്യ സംഘടിപ്പിക്കുന്ന ഇവന്റുകളിലാണ് വീണ പ്രതിഭ തെളിയിച്ചത്. ഫ്രാൻസിലെ ഓഡാക്സ് ക്ലബ് പാരീസിയൻ ആണ് റൈഡുകളുടെ മാനദണ്ഡവും സമയവും നിർണയിക്കുന്നത്. മെഡലുകൾ എത്തുന്നതും പാരീസിൽ നിന്നാണ്. ഇയ്യക്കാട് മഠത്തിൽ പരേതനായ പി. വിജയകുമാർ - കെ.കെ. ശ്രീദേവി ദമ്പതിമാരുടെ മകളാണ്. കമ്പ്യൂട്ടർ സയൻസ് എൻജിനീറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭർത്താവ്: കെ.വി. സുബിൻ. മകൻ: അഥർവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.