വിസ തട്ടിപ്പ്: പ്രതികള്‍ക്കെതിരെ കേസ്
text_fieldsതൃക്കരിപ്പൂർ: വിദേശ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ കോടതി നിർദേശപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂര്‍ ഒളവറ സൗത്ത് തലയന്റകത്ത് അബ്ദുല്‍ ലത്തീഫ് ഹോസ്ദുര്‍ഗ് ജെ.എഫ്.സി.എം കോടതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.
ദുബൈയിലെ പ്രമുഖ ഹോട്ടലില്‍ സപ്ലയര്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതികള്‍ പലഘട്ടങ്ങളിലായി രണ്ടു ലക്ഷത്തി പതിനായിരം രൂപ കൈക്കലാക്കി വഞ്ചിച്ചെന്നാണ് പരാതി. തുടര്‍ന്ന് 2022 നവംബര്‍ 22ന് വിസിറ്റ് വിസയില്‍ ദുബയിലെത്തിയ ലത്തീഫിന് പക്ഷെ തൊഴില്‍വിസ ലഭിച്ചില്ല.
വാഗ്ദാനം ചെയ്ത ജോലിക്കുള്ള വിസ ലഭിക്കാന്‍ ഒരുമാസം സമയമെടുക്കുമെന്നും അതുവരെ ക്ഷമിക്കണമെന്നും പ്രതി വിശ്വസിപ്പിച്ചതായി ലത്തീഫ് പരാതിയില്‍ പറയുന്നു. മറ്റു വഴിയില്ലാതെ തല്‍ക്കാലത്തേക്ക് അജ്മാനിലെ ഒരു ഹോട്ടലില്‍ വെയിറ്ററായി തുടര്‍ന്നു. അതിനിടെ വിസ പ്രൊസസിങ് ചാര്‍ജ് അടക്കം രണ്ടു ലക്ഷത്തി പതിനായിരം രൂപ ആവശ്യപ്പെട്ട പ്രതി ലത്തീഫിന്റെ പാസ്പോര്‍ട്ട് കൈക്കലാക്കി.
പണം പലഘട്ടങ്ങളിലായി ഗൂഗ്ള്‍പേ ആയി അയച്ചെങ്കിലും തൊഴില്‍ വിസ നല്കാന് തയ്യാറായില്ല. വഞ്ചിക്കപ്പെട്ടെന്നു ബോധ്യമായതോടെ പണം തിരികെ ചോദിച്ചപ്പോഴൊക്കെ ഭീഷണിപ്പെടുത്തി. ഇതിനിടെ ഗള്‍ഫിലെ ചില പരിചയക്കാര് ഇടപെട്ട് പാസ്പോര്‍ട്ട് തിരികെ വാങ്ങിച്ചുനൽകി.
ജില്ല പോലിസ് മേധാവി ഉള്‍പ്പടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് കോടതിയെ സമീപിച്ചത്. ലത്തീഫിന്റെ അകന്ന ബന്ധു കൂടിയായ ചെറുവത്തൂരിലെ കാട്ടൂര്‍ മുജീബ് റഹ്മാന്, കൊലയത്ത് ഹൗസിൽ ജാസ്മിന്, ബിഹാര്‍ സ്വദേശി ബഹദൂര്‍ഷ, ഭാര്യ സബിത റായ് എന്നിവര്‍ക്കെതിരെയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.