മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രത നിർദേശം; മഴക്കാലത്തെ പശുപരിപാലനം കരുതലോടെ
text_fieldsതൃക്കരിപ്പൂർ: മഴക്കാലത്തെ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ക്ഷീരകർഷകർ ജാഗ്രതപാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തിൽ പൂര്‍ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാല പരിപാലനത്തിൽ മുഖ്യം. തൊഴുത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെങ്കിൽ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോൺക്രീറ്റ് ചെയ്ത് നികത്തണം.
അപകടാവസ്ഥയിലുള്ള തൊഴുത്തുകളിൽ മതിയായ അറ്റക്കുറ്റപ്പണികൾ നടത്തി സുരക്ഷയുറപ്പാക്കണം. തൊഴുത്തിലേക്ക് ചാഞ്ഞ മരങ്ങളും ശിഖരങ്ങളും വെട്ടി അപകടമൊഴിവാക്കണം. ബ്ലീച്ചിങ് പൗഡർ, കുമ്മായം വിതറി രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും വഴുക്കൽ കുറക്കാൻ സഹായിക്കും.
തൊഴുത്തിലും പരിസരത്തും വളക്കുഴിയിലും വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകാനുള്ള സാധ്യത തടയാൻ പ്രത്യേകം ശ്രദ്ധിക്കണം. കർഷകർക്ക് മാത്രമല്ല, പശുക്കൾക്കും ഇവ രോഗങ്ങൾ പടർത്തും. അതിനാൽ തൊഴുത്തിന് പരിസരത്തെ കൊതുകുനശീകരണത്തിന് മുന്തിയ പരിഗണന നൽകണം. എലിപ്പനി പടരുന്ന സമയമായതിനാൽ തൊഴുത്തിലും പുൽകൃഷിയിടങ്ങളിലും കൃഷിപ്പണികളിൽ ഏർപ്പെടുമ്പോൾ കാലിൽ ഗംബൂട്ട് ധരിക്കാനും ശ്രദ്ധിക്കണം.
രാത്രികാലങ്ങളിൽ കാലിത്തീറ്റ അവശിഷ്ടങ്ങൾ ബാക്കി കിടക്കുന്നത് എലികളെ ആകർഷിക്കുന്നതിനാൽ തീറ്റത്തൊട്ടി അവശിഷ്ടങ്ങൾ ബാക്കിവരാതെ വൃത്തിയാക്കി സൂക്ഷിക്കണം. തൊഴുത്തിൽ വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിൽ വരുന്ന ജാഗ്രതക്കുറവ് പശുക്കൾക്ക് മാത്രമല്ല, കർഷകനും അപകടമുണ്ടാക്കും.
തൊഴുത്ത് ഗ്രീൻ നെറ്റ് കൊണ്ട് മറക്കണം. മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് കറവപ്പശുക്കളിലെ അകിടുവീക്കം. രോഗസാധ്യത കുറക്കാൻ പാല് അകിടില്‍ കെട്ടിനില്ക്കാന് ഇടവരാത്തവിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായും കറന്നെടുക്കണം. നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് അകിട് കഴുകി വൃത്തിയാക്കി നനവ് ഒപ്പിയെടുക്കണം.
മഴക്കാലത്തിന്റെ തുടക്കത്തില്‍ തളിർക്കുന്ന ഇളംപുല്ല് ധാരാളമായി നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയർപെരുപ്പത്തിനും (ബ്ലോട്ട്) ഇടയാക്കും. ഇളം പുല്ല് വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കിയോ വൈക്കോലിനൊപ്പം ചേർത്തോ നല്കാന് ശ്രദ്ധിക്കണം. സൂക്ഷിച്ചുവെച്ച കാലിത്തീറ്റയില്‍ പൂപ്പൽ വിഷബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. ഇത്തരം തീറ്റകള്‍ പശുക്കളടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്കാന്പാടില്ല.
തീറ്റച്ചാക്കുകൾ തറയില്‍നിന്ന് ഒരടി ഉയരത്തിലും ഭിത്തിയിൽനിന്ന് ഒന്നരയടി അകലത്തിലും മരപ്പലകയുടെ മുകളിലോ പ്ലാസ്റ്റിക് ട്രേയിലോ സൂക്ഷിക്കണം. തീറ്റ നനയാൻ ഇടയായാൽ വെയിലത്ത് ഉണക്കി എത്രയുംവേഗം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഈച്ചകളെ അകറ്റുന്ന ലേപനങ്ങൾ പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. കുരലടപ്പൻ, മുടന്തൻ പനി, തൈലേറിയ, അനാപ്ലാസ്മ ഉൾപ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഈ അവസരത്തില്‍ സാധ്യതയേറെയാണ്. ന്യുമോണിയ, കോക്സീഡിയ രോഗാണുകാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളിൽ മഴക്കാലത്ത് കാണുന്ന പ്രധാന രോഗങ്ങൾ.
പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി കരൾ ഉത്തേജന മിശ്രിതങ്ങളും ധാതു ജീവക മിശ്രിതങ്ങളും തീറ്റയിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമാണ്. മഴക്കെടുതിമൂലം കന്നുകാലികൾക്ക് അത്യാഹിതങ്ങൾ സംഭവിച്ചാൽ വിവരം തൊട്ടടുത്ത മൃഗാശുപത്രിയിൽ അറിയിക്കണം. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ഉരുക്കളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.