വെള്ളവയറൻ കടൽപരുന്ത് കുഞ്ഞുമായി ഉദിനൂരിൽ
text_fieldsതൃക്കരിപ്പൂർ: നിരീക്ഷകർക്ക് ആവേശം പകർന്ന് വെള്ളവയറൻ കടൽപരുന്തിന്റെ കുഞ്ഞുങ്ങൾ. ഉദിനൂർ അരിയിരുത്തി വയലിനോട് ചേർന്നുള്ള കാവിലെ കാറ്റാടി മരത്തിലാണ് പരുന്തിന്റെ കുഞ്ഞുങ്ങളുള്ളത്.
ഇവിടെ രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് കരുതുന്നത്. അമ്മയോടൊപ്പം കൂട്ടിൽ തലയുയർത്തി നിൽക്കുന്ന കുഞ്ഞിന്റെ ചിത്രം തൃക്കരിപ്പൂർ പൂച്ചോലിലെ അഭിലാഷ് പത്മനാഭനാണ് പകർത്തിയത്. മാഹി മുതൽ മഞ്ചേശ്വരം വരെ അടുത്തിടെ വനം വകുപ്പ് നടത്തിയ സർവേയിൽ കടൽ പരുന്തിന്റെ 22 കൂടുകൾ കണ്ടെത്തി.
ഇന്ത്യയിൽ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലും ആൻഡമാൻ ദ്വീപുകളിലുമാണ് വെള്ളവയറൻ കടൽ പരുന്തിനെ കാണുന്നത്. 25 വർഷങ്ങൾക്കിടെ രാജ്യത്ത് ഇവയുടെ എണ്ണത്തിൽ 72.59 ശതമാനം കുറവുണ്ടായതായാണ് കണക്കുകൾ. കാസർകോട് ജില്ലയിൽ 15, കണ്ണൂരിൽ ഏഴ് എന്നിങ്ങനെയാണ് ഇത്തവണ സർവേയിൽ കണ്ടെത്തിയ കൂടുകളുടെ എണ്ണം.
25 മീറ്ററിലേറെ ഉയരമുള്ള മരങ്ങളിലാണ് കൂടുകൾ കാണപ്പെടുന്നത്. മീനുകളും കടൽപാമ്പുകളുമാണ് വെള്ളവയറൻ കടൽപരുന്തിന്റെ ഇഷ്ടാഹാരം. 'ഹാലിയേറ്റസ് ലിക്കോഗാസ്റ്റർ' എന്നാണ് ശാസ്ത്രീയനാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.