ഇന്ന് ലോക സൈക്കിൾ ദിനം; ജീവിതശൈലി രോഗങ്ങളെ ചവിട്ടിയകറ്റി മൊയ്തീൻ കുഞ്ഞി
text_fieldsതൃക്കരിപ്പൂർ: വ്യായാമത്തിനായി സൈക്ലിങ് ദിനചര്യയാക്കി 68കാരൻ. കാസർകോട് പൊയിനാച്ചി സ്വദേശി കെ.മുഹമ്മദ് കുഞ്ഞി ഹാജിയാണ് ജീവിതശൈലി രോഗങ്ങളെ പടിക്ക് പുറത്തുനിർത്താൻ സൈക്ലിങ് തുടങ്ങിയത്. സൈക്ലിസ്റ്റുകൾക്കിടയിൽ 'ഹാജിക്ക' എന്നാണ് അറിയപ്പെടുന്നത്. ഏറെക്കാലം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം ഇപ്പോൾ നാട്ടിൽ കൃഷിയിൽ സജീവമാണ്. കോവിഡ് ഭീതിക്ക് മുമ്പ് നിത്യവും പ്രഭാതസവാരി നടത്തിയിരുന്നു. കൂടുതൽ പ്രദേശങ്ങൾ കാണാനുള്ള ആഗ്രഹവുമായാണ് സൈക്കിൾ വാങ്ങിയത്. മൂന്നുവർഷം മുമ്പ് സൈക്കിളിൽ 10 കിലോമീറ്റർ പോയാണ് തുടക്കം.
പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 50 കിലോമീറ്റർ എന്നുള്ളത് നിഷ്പ്രയാസമായി മാറിയത് രണ്ടുവർഷം കൊണ്ടാണെന്ന് അദ്ദേഹം പറയും. സ്പോർട്സ് സൈക്കിളിൽ ആണ് യാത്ര. വടക്ക് കുമ്പളവരെയും തെക്ക് കാഞ്ഞങ്ങാടുവരെയും സവാരി പതിവായി. കൂടിയ ദൈർഘ്യം 160 കിലോമീറ്ററാണ്. കഴിഞ്ഞ വർഷങ്ങളിൽ ഹാജിക്ക സൈക്കിളിൽ 10,000 കിലോമീറ്ററിലേറെ യാത്ര ചെയ്തിട്ടുണ്ട്.
കൊളസ്‌ട്രോൾ, രക്തസമ്മർദം എന്നിവ പൂർണമായി നിയന്ത്രണ വിധേയമായതായി അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഗുളികയുടെ പകുതി കഴിക്കുന്നത്. 86 കിലോയുണ്ടായിരുന്ന ഭാരം 75 ആയി കുറക്കാൻ സാധിച്ചു. കൊച്ചുമകൻ അബ്ദുൽ ഖാദറും ഇപ്പോൾ ഹാജിക്കയോടൊപ്പം റൈഡ് ചെയ്യുന്നു. ഷാർജയിലുള്ള മകൻ അസ്ഹറുദ്ദീനും സഹോദരൻ അബൂബക്കറും സൈക്ലിസ്റ്റുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.